
















മഹാരാഷ്ട്രയിലെ പുനെയില്‍ മൂന്ന് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 65-കാരനായ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലെ എന്ന പ്രതിക്കാണ് പുനെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.ആര്‍. സാലുങ്കെ തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ക്രൂരമായ പീഡനം, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതോടെയാണ് ശിക്ഷ വിധിച്ചത്.
ഈ കുറ്റകൃത്യം അങ്ങേയറ്റം ക്രൂരവും 'അപൂര്‍വങ്ങളില്‍ അപൂര്‍വവും' ആണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി യാതൊരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി, 'ഈ കുറ്റകൃത്യം സമൂഹത്തിന്റെ മനസ്സാക്ഷിയെപ്പോലും നടുക്കുന്നതാണ്' എന്ന് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാട്ടി.
മേയ് ഒന്നിന് പുണെ ജില്ലയിലെ നസ്രാപൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ലഘുഭക്ഷണങ്ങള്‍ നല്‍കാമെന്നും പശുക്കിടാവിനെ കാണിച്ചുതരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കാംബ്ലെ മൂന്ന് വയസ്സുകാരിയെ കൂടെക്കൂട്ടിയത്. തുടര്‍ന്ന് സമീപത്തെ ഒരു കാലിത്തൊഴുത്തിലെ ഷെഡിലേക്ക് കൊണ്ടുപോയി കുട്ടിയെ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
അതിക്രമത്തിനിടെ കുട്ടിയുടെ വായ മൂടിക്കെട്ടിയും നെഞ്ചിലടക്കം മാരകമായി പരിക്കേല്‍പ്പിച്ചുമാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടി മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം അവിടെത്തന്നെ ഒളിപ്പിച്ചു.
കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കാംബ്ലെ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും അന്‍പത്തിയഞ്ചോളം സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ വളരെ വേഗത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.