
















ഭാര്യ കാമുകനൊപ്പം പോയതിലുള്ള മനോവിഷമത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ലോറി ഡ്രൈവറായ 40കാരന്‍ രണ്ട് മക്കളെ ഷോക്കടിപ്പിച്ചു കൊന്നശേഷം ജീവനൊടുക്കി. തൂത്തുക്കുടി ജില്ലയിലെ പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയര്‍പുരത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലോറി ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി നിരോഷ (14), മകന്‍ മേരി കെനിസ്റ്റണ്‍ (12) എന്നിവരാണ് മരിച്ചത്. മേരി നിരോഷ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മേരി കെനിസ്റ്റണ്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു.
ആറ് മാസം മുമ്പ് മൈക്കിളിന്റെ ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്ന മൈക്കിള്‍ ലോറി ഡ്രൈവര്‍ ജോലിക്ക് സ്ഥിരമായി പോയിരുന്നില്ലെന്നും ഇടയ്ക്ക് പെയിന്റിംഗ് ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം അവരോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകള്‍ കുട്ടികളുടെ ശരീരത്തില്‍ കെട്ടിവെച്ച് പവര്‍ സോക്കറ്റുമായി ബന്ധിപ്പിച്ച് അവരെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇതേ വയര്‍ ഉപയോഗിച്ച് തന്നെ മൈക്കിളും ജീവനൊടുക്കി.
മൈക്കിളിന്റെ 75 വയസ്സുകാരനായ പിതാവ് ആന്റണി മുത്തു സംഭവസമയത്ത് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം അയല്‍വാസികളെ വിവരമറിയിക്കുകയും അവര്‍ പുതുകോട്ടൈ പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് കട്ടിലില്‍ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.