
















നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ വമ്പന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ 18 വയസ്സുകാരന്‍ സൂറത്ത് പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഹോട്ടലില്‍ നിന്ന് സൂറത്ത് സിറ്റി സൈബര്‍ ക്രൈം സെല്ലാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ സ്വയം കോഡിംഗ് പഠിച്ചെടുത്താണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചത്.
ടെലഗ്രാം വഴിയാണ് ഇയാള്‍ തട്ടിപ്പ് ശൃംഖല ഏകോപിപ്പിച്ചത്. പ്രമുഖ ബാങ്കുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ യഥാര്‍ത്ഥ ആപ്പുകളോട് സാമ്യമുള്ള 121 വ്യാജ APK ഫയലുകള്‍ ഇയാള്‍ വികസിപ്പിച്ചെടുത്തു. ജാംതാര, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സൈബര്‍ കുറ്റവാളികള്‍ക്ക് പ്രതിമാസം 15,000 രൂപ നിരക്കില്‍ വാടകയ്ക്ക് നല്‍കിയായിരുന്നു തട്ടിപ്പ്. രാജ്യത്തുടനീളം 21,000-ത്തിലധികം ഫോണുകളില്‍ ഈ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും, 54,000-ത്തിലധികം വ്യാജ ബാങ്കിംഗ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ കവരുകയും ചെയ്തു.
സൂറത്ത് സ്വദേശിയായ വ്യക്തിക്ക് ലഭിച്ച വ്യാജ പഞ്ചാബ് നാഷണല്‍ ബാങ്ക് ആപ്പ് വഴി 5 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കേസിന്റെ ചുരുളഴിയുന്നത്. ബാങ്ക് അക്കൗണ്ടുകളിലെ ഒടിപികളും മറ്റ് രഹസ്യവിവരങ്ങളും തത്സമയം ചോര്‍ത്താന്‍ സഹായിക്കുന്ന അഡ്മിന്‍ ആപ്പുകള്‍ വഴിയാണ് കുറ്റവാളികള്‍ പണം തട്ടിയെടുത്തിരുന്നത്. പ്രതിയില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു കുറ്റവാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.