CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 53 Seconds Ago
Breaking Now

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാന്‍ ക്രൂരത

ഭാര്യ ദാമിനിയും കാമുകന്‍ തുഷാറും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.

മീററ്റില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂര്‍ സ്വദേശിയായ അതുല്‍ കുമാര്‍ പന്‍വാര്‍ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഉറക്കഗുളിക നല്‍കി മയക്കി വെള്ളിക്കെട്ടന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊലപാതകം. ഭാര്യ ദാമിനിയും കാമുകന്‍ തുഷാറും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തു. സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീര്‍ത്ത് 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാന്‍ തടസ്സമായി നിന്ന ഭര്‍ത്താവിനെ ഒഴിവാക്കാനും വേണ്ടിയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. 

കൊല്ലപ്പെട്ട അതുല്‍ കുമാര്‍ പന്‍വാര്‍, ഹസ്തിനാപൂരില്‍ ഒരു പ്ലേ സ്‌കൂള്‍ നടത്തിവരികയായിരുന്നു.അതുലിന്റെ ഭാര്യ ദാമിനി (30), ഇവരുടെ സ്‌കൂളിലെ ബസ് ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാര്‍ കുമാര്‍ (34). പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. പാമ്പിനെ എത്തിച്ചു നല്‍കിയതിന് സോനു, ഉദയ് കുമാര്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദാമിനിയും അതുലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാല്‍ സ്‌കൂള്‍ തുടങ്ങിയതിനു ശേഷം ഡ്രൈവറായ തുഷാറുമായി ദാമിനി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അതുലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. രാത്രി ദാമിനി ഭര്‍ത്താവ് അതുലിന് കുടിക്കാന്‍ നല്‍കിയ പാലില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കി. പാല്‍ കുടിച്ച അതുല്‍ ബോധരഹിതനായി. അതുല്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ദാമിനി കാമുകന്‍ തുഷാറിനെ വിവരമറിയിച്ചു. തുഷാര്‍ പാമ്പുപിടുത്തക്കാരായ സോനു, ഉദയ് എന്നിവര്‍ക്കൊപ്പം അതിമാരക വിഷമുള്ള വെള്ളിക്കട്ടന്‍ പാമ്പുമായി അതുലിന്റെ വാടകവീട്ടിലെത്തി.

പ്രതികള്‍ ഉറങ്ങിക്കിടന്ന അതുലിന്റെ പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു. പാമ്പ് അതുലിന്റെ കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളില്‍ച്ചെന്ന് അതുല്‍ മരണപ്പെട്ടു. തുടര്‍ന്ന് ദാമിനി ആറ് വയസ്സുകാരനായ മകനെയും കൂട്ടി മറ്റൊരു മുറിയിലേക്ക് മാറി കിടന്നു. രാവിലെ ചായ കൊടുക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ അതുല്‍ അബോധാവസ്ഥയിലാണെന്നും കട്ടിലില്‍ പാമ്പുണ്ടെന്നും ദാമിനി നാട്ടുകാരെ വിളിച്ച് പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി കട്ടിലിലുണ്ടായിരുന്ന പാമ്പിനെ തല്ലിക്കൊല്ലുകയും അതുലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.