
















ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി വെട്ടിക്കൊന്നു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഡിജിറ്റല്‍ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പോലീസ് പ്രതികളെ പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. ഹോസൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഹാസിനി (19) എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു ചെറിയ മകളുണ്ട്. പുറമേക്ക് സാധാരണ ദാമ്പത്യമെന്ന് തോന്നിച്ചെങ്കിലും, ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ധര്‍ (20) എന്ന യുവാവുമായി പ്രണയം തുടര്‍ന്നിരുന്നു. രമേശിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് നിര്‍ബന്ധിച്ച് ഹാസിനി രമേശിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഹാസിനി തന്റെ ഫോണിലൂടെ കാമുകനായ യുഗന്ധറിന് ലൈവ് ലൊക്കേഷന്‍ നിരന്തരം പങ്കുവെച്ച് ഇവരെ പിന്തുടരാന്‍ സഹായിക്കുകയായിരുന്നു. മലയോര പാതയിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം എത്തിയപ്പോള്‍ ഹാസിനി തന്റെ ഹാന്‍ഡ്ബാഗ് മനപ്പൂര്‍വ്വം താഴെയിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിര്‍ത്തിയ ഉടന്‍, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി രമേശിനെ ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിയ രമേശിനെ 100 മീറ്ററോളം പിന്തുടര്‍ന്ന് കാട്ടിലിട്ട് ഇവര്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഈ ക്രൂരത നടക്കുമ്പോള്‍ ദമ്പതികളുടെ കുഞ്ഞും സമീപത്തുണ്ടായിരുന്നു.
ക്ഷേത്രത്തിന് പോയ മകളെയും ഭര്‍ത്താവിനെയും കാണാതായതിനെ തുടര്‍ന്ന് ഹാസിനിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, രമേശിനൊപ്പം ബൈക്കില്‍ പോയ ഹാസിനി, പിന്നീട് രമേശിന്റെ ബൈക്കില്‍ മറ്റ് രണ്ട് പുരുഷന്മാര്‍ക്കൊപ്പം തിരികെ വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധനയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.