താരസുന്ദരി ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . നടിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ചിത്രം തയ്യാറാക്കുന്നത് നിര്‍മ്മാതാവും ഭര്‍ത്താവുമായ ബോണികപൂറാണ്. ചിത്രത്തിനായി മൂന്നു ടൈറ്റിലുകളും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ശ്രീ ശ്രീദേവി, ശ്രീ, മാം തുടങ്ങിയവയാണ് പേരുകള്‍. ശ്രീദേവിയുടെ ജീവിതം പ്രമേയമാക്കി താന്‍ ഡോക്യുമെന്ററി ചെയ്യുന്നുവെന്ന് ഒരു അഭിമുഖത്തില്‍ മുമ്പ് തന്നെ ബോണികപൂര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമ ഡോക്യുമെന്ററിയായിരിക്കുമോ ജീവചരിത്ര സിനിമയായിരിക്കുമോ എന്നൊന്നും പറയാനാവില്ലെന്ന് ബോണികപൂര്‍ വെളിപ്പെടുത്തി. സമയമെടുത്ത് സിനിമയെടുക്കാനാണ് തന്റെ തീരുമാനമെന്നും ബോണി പറഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിലഭിനയിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ അവിഭാജ്യമായി മാറിയ താരമായിരുന്നു ശ്രീദേവി.
തമിഴ് ചിത്രത്തില്‍ ബാലതാരമായി അരങ്ങേറി അഭിനയം തുടങ്ങിയ ശ്രീദേവി വിവാഹ ശേഷം ഇടവേളയെടുത്ത് മാറി നിന്നുവെങ്കിലും ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. 2013ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങിന് ദുബായിലെത്തിയ അവര്‍ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് മരിച്ചത്.