സാലിസ്ബറിയില്‍ ആദ്യമായി ഈസ്റ്റര്‍ -വിഷു ആഘോഷം സംഘടിപ്പിച്ച് സാലിസ്ബറി മലയാളീ അസോസിയേഷന്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. അന്തരിച്ച പ്രശസ്ത നടി സുകുമാരിക്കും യുകെയുടെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഏപ്രില്‍ രണ്ടാം തിയതി വൈകുന്നേരം 6.30നു പ്രസിഡന്റ് സ്റ്റാലിന്‍ സണ്ണിയുടെ സ്വാഗതത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ യുക്മ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷാജി തോമസ്, മുന്‍ റിജിയണല്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് അംഗവുമായ മനോജ് പിള്ള തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണനും നിറപറയും നിലവിളക്കും വാല്‍ക്കണ്ണാടിയുമായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറകണിയൊരുക്കി വിഷുക്കണി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരിലും അത്ഭുതമുളവാക്കി. സംഘടനയുടെ രക്ഷാധികാരി എല്ലാവര്‍ക്കും വിഷുകൈനീട്ടം നല്‍കിയത് അതിഥികളായെത്തിയ തദ്ദേശീയരിലും കൗതുകമുളവാക്കി. നൃത്തചുവടുകള്‍ കൊണ്ട് കുട്ടികള്‍ കാണികളെ കൈയിലെടുത്തപ്പോള്‍ സാബു ജോസഫിന്റെയും സീന ഷിബുവിന്റെയും അവതരണ ശൈലിയിലൂടെ ഓരോ കുടുംബവും പരസ്പരം അടുത്തിടപഴകി വേദി പങ്കിട്ടത്,
സൗഹൃദങ്ങള്‍ ദൃഢമാക്കുന്നതായി. ബെന്നി മേമന, ഹരി നായര്‍, ജിതിന്‍ കൃഷ്ണൻ , ജോസ് കെ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്‌സ്ട്ര സദസ്യരുടെ മനം കവരുന്നതായിരുന്നു. രമ്യ ജിതിന്‍,സന്ധ്യ പ്രജു, ജോബിന്‍, ലിജേഷ്, സില്‍വി ജോസ് തുടങ്ങിയവരുടെ ഇമ്പമാര്‍ന്ന ഗാനാലാപനം ഓര്‍ക്കസ്ട്രയ്ക്ക് മുതല്‍കൂട്ടായി. ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കാര്‍ എന്ന സംഘടനയുടെ പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത്, സാലിസ്ബറി മലയാളീ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെയും സംഘടന സ്‌കാറിനു നല്കുന്ന പിന്തുണയെയും പ്രശംസിച്ചു സംസാരിച്ചത് സംഘടനയുടെ യശസ്സ് ഉയര്‍ത്തുന്നതായിരുന്നു. ജോസ് കെ ആന്റണി, സജീഷ്, ലിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ലൈവ് ആയി ഭക്ഷണം ഉണ്ടാക്കി ചൂടോടെ വിളമ്പിയത്, ഏവരുടെയും പ്രശംസക്ക് പാത്രമായി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദപരിപാടികള്‍ രാത്രി 11.30 വരെ നീണ്ടു. രക്ഷാധികാരി ജോസ് കെ ആന്റണിയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിക്കുമ്പോള്‍ അംഗങ്ങളുടെ ആഹ്ലാദം അതിരറ്റതായിരുന്നു.