CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 3 Seconds Ago
Breaking Now

ഐ ഫോണും പണവും നല്‍കി രാജ്യസുരക്ഷ സംബന്ധിച്ച രേഖകള്‍ കൈവശപ്പെടുത്താന്‍ നീക്കം; പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഉത്തരവ്

ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഇന്ത്യ ഉന്നയിക്കുകയാണെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കി കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.

ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തിക്കിടെ പിടികൂടി. അനഭിമതരായി പ്രഖ്യാപിച്ച ഇവരോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. പാക് സ്ഥാനപതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം തീരുമാനമറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഇന്ത്യ ഉന്നയിക്കുകയാണെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കി കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.

ഹൈക്കമ്മിഷനില്‍ വിസ വിഭാഗത്തില്‍ ജോലിചെയ്യുന്ന ആബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നിവരെയാണ് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഞായറാഴ്ച ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈയോടെ പിടികൂടിയത്. കരോള്‍ബാഗിന് സമീപം ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. ഇന്ത്യയുടെ സുരക്ഷ സംവിധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ശേഖരിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഒരു ഇന്ത്യക്കാരനില്‍ നിന്നാണ് രേഖകള്‍ കരസ്ഥമാക്കാന്‍ ഇവര്‍ ശ്രമിച്ചത്. പണവും ഐ ഫോണും നല്‍കി ഒരു ഇന്ത്യന്‍ പൗരനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്.

പാക് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാക് സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

2016ല്‍ മെഹമൂദ് അക്തര്‍ എന്ന പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ നിര്‍ണായക രേഖകള്‍ കൈവശം വെച്ചതിന് ഇന്ത്യ പിടികൂടിയിരുന്നു. പാക് സേനയുടെ ബലൂച് റെജിമെന്റിന്റെ ഭാഗമായ അക്തര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞിരുന്നു.

ഇന്ത്യന്‍ നടപടിയെ പാകിസ്താന്‍ വിദേശകാര്യ വകുപ്പ് വിമര്‍ശിച്ചു. നയതന്ത്രബന്ധം സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കാശ്മീരിലെ സ്ഥിതിഗതികളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നാണ് പാകിസ്താന്റെ വിമര്‍ശനം. ചാര പ്രവര്‍ത്തനം നടത്തിയതിന് 2016 ലും ഇന്ത്യ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.