CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 21 Seconds Ago
Breaking Now

ബാഴ്‌സയിലെ ജീവിതം മതിയായി; ക്ലബ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായി തുറന്നടിച്ച് ലയണല്‍ മെസ്സി; സൂപ്പര്‍താരത്തെ കൈവിടുന്നത് ചില്ലറ കാര്യമല്ല!

ക്ലബ്ബ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സൂപ്പര്‍താരം ഒരു രേഖ സമര്‍പ്പിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു

ഡസന്‍ കണക്കിന് കിരീടങ്ങള്‍, നൂറുകണക്കിന് ഗോളുകള്‍, എണ്ണമില്ലാത്ത റെക്കോര്‍ഡുകള്‍, ഇതൊക്കെ കഴിഞ്ഞ് ബാഴ്‌സലോണയിലെ ലയണല്‍ മെസ്സിയുടെ കരിയര്‍ പൊടുന്നനെ അവസാനത്തിലേക്ക്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മെസ്സിയെ വളര്‍ത്തിയ ക്ലബ്ബുമായുള്ള ബന്ധം തന്നെ മോശമാകുമെന്നാണ് സൂചന. ക്ലബ്ബിനൊപ്പമുള്ള രണ്ട് ദശകത്തെ യാത്ര അവസാനിപ്പിക്കാന്‍ സമയമായെന്ന് മെസ്സി വ്യക്തമാക്കി. കിരീടങ്ങള്‍ ചൂടാന്‍ കഴിയാതെ സീസണ്‍ അവസാനിച്ചതിന് പുറമെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് ബന്ധം കൂടുതല്‍ വഷളായത്. 

ക്ലബ്ബ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സൂപ്പര്‍താരം ഒരു രേഖ സമര്‍പ്പിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് അത്ര എളുപ്പത്തില്‍ നടക്കില്ലെന്നാണ് ക്ലബ്ബ് നല്‍കുന്ന സൂചന. ഇതിനായി നിയമപോരാട്ടം തന്നെ നടക്കുമെന്നും, അര്‍ജന്റീന ഇതിഹാസത്തിന് വെറുതെയൊന്നും സ്വതന്ത്രനാകാന്‍ പറ്റില്ലെന്നുമാണ് ക്ലബ്ബ് പറയുന്നത്. മെസ്സിയുമായി ഒപ്പുവെച്ചിട്ടുള്ള കരാറിലെ നിബന്ധനകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും തര്‍ക്കമുള്ളത്. 

സീസണ്‍ അവസാനിക്കുമ്പോള്‍ ക്ലബ്ബ് ഉപേക്ഷിക്കാനുള്ള കരാറിലെ നിബന്ധനയാണ് മെസ്സി അയച്ച രേഖയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ നിബന്ധന ഉപയോഗിക്കാനുള്ള സമയപരിധി ജൂണില്‍ അവസാനിച്ചെന്നാണ് ക്ലബ്ബ് വാദിക്കുന്നത്, അതിനാല്‍ നിയമോപദേശം തേടും. 700 മില്ല്യണ്‍ യൂറോ ബൈഔട്ട് നിബന്ധനയും മെസ്സിയുടെ കരാറിലുണ്ട്. സ്പാനിഷ് സീസണ്‍ സാധാരണയായി മെയ് മാസം അവസാനിക്കാറുണ്ട്, ഇക്കുറി കൊറോണ വന്നതോടെയാണ് മത്സരങ്ങള്‍ നീണ്ടത്. 

ഇനി മെസ്സിക്ക് സ്വതന്ത്രനായി പുറത്തിറങ്ങാന്‍ സാധിച്ചാല്‍ ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള ക്ലബ്ബുകള്‍ തീരെ കുറവാണ്. ഇദ്ദേഹത്തിന് ശമ്പളം കൊടുക്കുന്നത് പോലും ചെറിയ കാര്യമല്ല. വമ്പന്‍ ക്ലബ്ബുകളായ പാരിസ് സെന്റ് ജെര്‍മ്മനും, മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇത് വെച്ച് നോക്കുമ്പോള്‍ ലക്ഷ്യസ്ഥാനങ്ങള്‍. ആറ് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ റെക്കോര്‍ഡുള്ള താരമാണ് 33-കാരനായ മെസ്സി. 




കൂടുതല്‍വാര്‍ത്തകള്‍.