CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 48 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തില്‍ പുതിയ ഭീഷണി; സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളായി മാറ്റാന്‍ എഐ ബോട്ടുകള്‍; സൈബര്‍ ക്രിമിനലുകള്‍ക്ക് ഇതിനകം ഒരു ലക്ഷം സ്ത്രീകള്‍ ഇരകളായി

സ്വന്തം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുന്നവര്‍ അപകടത്തിലാണെന്ന് സെന്‍സിറ്റി

സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്? ഒന്നുമില്ലെന്ന് ധരിച്ച് വെച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള മുന്നറിയിപ്പാണ് സൈബര്‍ റിസേര്‍ച്ച് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അജ്ഞാതരായ സൈബര്‍ ക്രിമിനലുകള്‍ സ്ത്രീകളുടെ സാധാരണ ചിത്രങ്ങള്‍ വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി ആളുകള്‍ക്ക് അവസരമൊരുക്കുന്നതായാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. നിലവില്‍ ഒരു ലക്ഷം സ്ത്രീകളെങ്കിലും ഈ പുതിയ ഭീഷണിക്ക് ഇരകളായി കഴിഞ്ഞതോടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിലെ പുതിയ മേഖല തലവേദനയായി മാറുമെന്ന ആശങ്കയാണ് റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ് സംവിധാനമായ ഡീപ്പ് ലേണിംഗ് ഉപയോഗിച്ച് യഥാര്‍ത്ഥ ചിത്രങ്ങളില്‍ രൂപമാറ്റം വരുത്തുന്നതാണ് ഡീപ്പ്‌ഫേക്കുകള്‍. 2017ല്‍ ശ്രദ്ധനേടിയ ടെക്‌നോളജി ജനാധിപത്യങ്ങളെയും, നിയമത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെലിബ്രിറ്റികളുടെ വ്യാജ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ലഭ്യമായിട്ടുള്ള ഏതൊരു വ്യക്തിയെയും ലക്ഷ്യംവെയ്ക്കുന്ന തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിച്ച് കഴിഞ്ഞെന്ന് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ സെന്‍സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ടൂളാകട്ടെ സ്ത്രീകളുടെ ചിത്രങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 

എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ 104,852 സ്ത്രീകളെ ഇതിനകം ലക്ഷ്യംവെച്ചിട്ടുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ മാറ്റിയ നിലയിലുള്ള ചിത്രങ്ങള്‍ 2020 ജൂലൈ അവസാനം വരെ പൊതുഇടങ്ങളില്‍ പങ്കുവെച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തില്‍ ഇത്തരം ചിത്രങ്ങളുടെ വളര്‍ച്ച 198% ആണ്, റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏകദേശം 104,000 ഉപയോക്താക്കളുള്ള ഈ ബോട്ടിന്റെ ഇരകളില്‍ നല്ലൊരു ശതമാനവും റഷ്യയില്‍ നിന്നുള്ളവരാണ്. ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സേവനം ഏകോപിപ്പിക്കുന്നത്. 

സ്ത്രീകളുടെ ചിത്രം അപ്‌ലോഡ് ചെയ്താല്‍ വസ്ത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് വ്യാജ ശരീരഭാഗങ്ങള്‍ വെച്ചുപിടിപ്പിച്ച് ഒറിജിനല്‍ എന്നുതോന്നുന്ന തരത്തില്‍ ചിത്രം ലഭിക്കും. വാട്ടര്‍മാര്‍ക്ക് മാറ്റി ലഭിക്കാന്‍ 1.5 ഡോളറാണ് ഫീസ്, റിപ്പോര്‍ട്ട് പറയുന്നു. സ്വന്തം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുന്നവര്‍ അപകടത്തിലാണെന്ന് സെന്‍സിറ്റി ചൂണ്ടിക്കാണിക്കുന്നു. 'ഓണ്‍ലൈനില്‍ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കണം, എല്ലാവരും കാണുന്ന വിധത്തില്‍ പോസ്റ്റ് ചെയ്യുന്നവര്‍ പ്രത്യേകിച്ചും. യാതൊരു പ്രശ്‌നവുമില്ലാത്ത ചിത്രമാണെങ്കിലും ഒരു ദിവസം ഇത് വികലമാക്കി തെറ്റായ രീതിയില്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം', അവര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.