CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 27 Seconds Ago
Breaking Now

വിവാഹം കഴിക്കണം, അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും വിധവകളുടെയും വിവരം തേടി താലിബാന്‍

താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇറക്കിയ പ്രസ്താവനയാണ് ജനങ്ങള്‍ക്ക് ഭീഷണിയാവുന്നത്.

അഫ്ഗാനിസ്താനില്‍ സൈനികരും സായുധ സംഘടനയായ താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും സുപ്രധാന മേഖലകള്‍ സംഘടന പിടിച്ചെടുക്കുകയും ചെയ്തതോടെ രാജ്യത്ത് അരക്ഷിതാവസ്ഥ രൂക്ഷമാവുന്നു. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇറക്കിയ പ്രസ്താവനയാണ് ജനങ്ങള്‍ക്ക് ഭീഷണിയാവുന്നത്. ഇവിടങ്ങളിടെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും 45 വയസിന് ചുവടെയുള്ള വിധവകളായ സ്ത്രീകളുടെയും വിവരങ്ങള്‍ തേടിയിരിക്കുകയാണ് താലിബാന്‍. പ്രാദേശിക വിശ്വാസി സംഘങ്ങളുടെ നേതാക്കള്‍ക്കാണ് താലിബാന്‍ കത്ത് നല്‍കിയിരിക്കുന്നത്.

തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വിവാഹം ചെയ്യുന്നതിനാണ് താലിബാന്‍ പെണ്‍കുട്ടികളുടെയുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവരെ പാകിസ്താനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകാമെന്നും ഇവിടെ വച്ച് ഇസ്ലാം മതം സ്വീകരിച്ച് പുനരധിവസിപ്പിക്കാമെന്നുമാണ് താലിബാന്റെ വാഗാദാനം. നിലവില്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും മുല്ലമാരും 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെയും 45 വയസ്സിന് താഴെയുള്ള വിധവകളുടെയും പട്ടിക തയ്യാറാക്കണം. ഇവരെ താലിബാന്‍ സംഘത്തിലുള്ളവരുമായി വിവാഹം ചെയ്യിപ്പിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. താലിബാന്‍ സാംസ്‌കാരിക കമ്മീഷന്റെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത് എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനുമുമ്പും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന തരത്തില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നിലപാടുകള്‍ എടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ തഖാറിലെ സ്ത്രീകളോട് വീടുകളില്‍ നിന്ന് പുരുഷന്‍മാരുടെ കൂടെയല്ലാതെ ഒറ്റയ്ക്ക് ഇറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം ലംഘിച്ചിരുന്നവര്‍ താലിബാന്‍ സംഘങ്ങളാല്‍ പരസ്യമായി അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ നിര്‍ദേശം തങ്ങളുടെ പെണ്‍മക്കളെ ബലമായി വിവാഹം കഴിച്ച് അടിമകളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് മേഖലയിലെ മുതിര്‍ന്ന പൗരന്മാര്‍ ഉന്നയിക്കുന്ന ആശങ്ക. താലിബാന്‍ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ പ്രശ്‌നങ്ങളാണ്. വീട്ടില്‍ ഞങ്ങള്‍ക്ക് ഉച്ചത്തില്‍ സംസാരിക്കാനും സംഗീതം കേള്‍ക്കാനും വെള്ളിയാഴ്ച മാര്‍ക്കറ്റിലേക്ക് സ്ത്രീകളെ അയയ്ക്കാനും കഴിയുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. 18 വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ വീടുകളില്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്ന്. അത് പാപമാണെന്നാണ് താലിബാന്‍ കമാന്‍ഡര്‍ പറയുന്നത്. ഒരു മുതിര്‍ന്ന പൗരനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍, പാകിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. 




കൂടുതല്‍വാര്‍ത്തകള്‍.