CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 14 Seconds Ago
Breaking Now

ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; ലീഗ് ജമാഅത്ത് വാദങ്ങള്‍ക്കെതിരെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ചോദ്യങ്ങളുമായി കെ ടി ജലീല്‍

ഒന്നേ പറയാനുള്ളൂ; വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ വേണ്ടതെന്തോ അതിനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിന്റെയും വാദത്തിനെതിരെ ചോദ്യങ്ങളുമായി തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍. അവനവന്‍ ഇരിക്കുന്ന കൊമ്പ് ജമാഅത്തെ ഇസ്ലാമിയുടെ ദുര്‍ബോധനത്തില്‍ പെട്ട് ലീഗ് മുറിച്ച് വീഴ്ത്താതിരിക്കാന്‍ നോക്കുന്നതാവും നല്ലതെന്നും ജലീല്‍ പറഞ്ഞു. വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ വേണ്ടതെന്തോ അതിനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും തീപ്പൊരി വിതറി ആളിക്കത്തിക്കാനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുസ്ലിങ്ങള്‍ക്ക് മാത്രമാകണം എന്നാണ് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വാദമെങ്കില്‍ ചില കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ ബാദ്ധ്യസ്ഥരാണെന്നും ജലീല്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മാത്രമല്ല, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ലീഗ് ഉള്‍പ്പെടയുള്ളവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് നല്ലതാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഉറഞ്ഞുതുള്ളുന്നവരാരും നേരത്തെ കേസില്‍ കക്ഷിചേരാതിരുന്നത് എന്ത് കൊണ്ടാണെന്ന് കൂടി വ്യക്തമാക്കുന്നത് ഉചിതമാവില്ലേയെന്നും ജലീല്‍ തന്റെ പ്രസ്താവനയില്‍ ചോദിച്ചു.

കെ ടി ജലീലിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

'സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിം പിന്നോക്കാവസ്ഥയെ സംബന്ധിക്കുന്ന മാത്രം പഠനമാണ്. അല്ലാതെ രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും കുറിച്ചല്ല. അതിനാല്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുസ്ലിങ്ങള്‍ക്ക് മാത്രമാകണം'.

മേല്‍പ്പറഞ്ഞതാണ് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വാദമെങ്കില്‍ ചില കാര്യങ്ങള്‍ക്ക് അവര്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്.

1) സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ രണ്ടാം UPA സര്‍ക്കാരോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകളോ നടപ്പിലാക്കിയ പദ്ധതികളില്‍ മദ്രസ്സാ നവീകരണമൊഴിച്ച് മറ്റേതെങ്കിലും ഒരു പദ്ധതി മുസ്ലിങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

2) സച്ചാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ടാം UPA സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ഏതെങ്കിലും സ്‌കോളര്‍ഷിപ്പുകളോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ മുസ്ലിങ്ങള്‍ക്ക് മാത്രം നല്‍കിയതിന് വല്ല തെളിവുമുണ്ടോ?

3) സച്ചാര്‍ ശുപാര്‍ശയുടെ പശ്ചാതലത്തില്‍ രണ്ടാം UPA സര്‍ക്കാര്‍ അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ്സുകള്‍ കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. കേരളത്തിലേതുള്‍പ്പടെ ഇങ്ങിനെ ആരംഭിച്ച സെന്റെറുകളില്‍ മുസ്ലിം കുട്ടികള്‍ക്ക് മാത്രമാണോ പ്രവേശനം നല്‍കിയിട്ടുള്ളത്?

4) സച്ചാര്‍ റിപ്പോര്‍ട്ട് മുസ്ലിം പുരോഗതി മാത്രം ലക്ഷ്യം വെച്ചായിരുന്നെങ്കില്‍ എന്തേ രണ്ടാം UPA സര്‍ക്കാര്‍ 'മുസ്ലിം വികസന ഡിപ്പാര്‍ട്ടുമെന്റുണ്ടാക്കാന്‍ പറഞ്ഞില്ല? മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കാനല്ലേ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചത്?

5) വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ സ്‌കോളര്‍ഷിപ്പ് സി.എച്ച്. മുഹമ്മദ് കോയാ സാഹിബ് ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ നാടാര്‍ സമുദായത്തില്‍ പെടുന്ന ഹൈന്ദവ – ക്രൈസ്തവ പെണ്‍കുട്ടികളെയും ഉള്‍പെടുത്തി. മുസ്ലിംനാടാര്‍ സ്‌കോളര്‍ഷിപ്പെന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിക്ക് ഒരു പക്ഷേ അത് ഓര്‍മ്മ കാണില്ല. എന്നാല്‍ ലീഗിന് അതെങ്ങിനെയാണ് മറക്കാനാവുക? സി.എച്ചിന്റെ രീതി തന്നെയല്ലേ പാലൊളി കമ്മിറ്റിയും പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ അവലംബിച്ചത്?

ഇനി പുതിയ വിവാദത്തിലേക്കു വരാം.

നൂറുരൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍ നീക്കിവെച്ചത് എന്ന് കരുതുക. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അതില്‍ 80 മുസ്ലിം കുട്ടികള്‍ക്ക് ഓരോ രൂപാ വീതം 80 രൂപയും 20 ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ രൂപ വീതം 20 രൂപയുമാണ് നല്‍കിപ്പോന്നിരുന്നത് എന്നും വിചാരിക്കുക.

ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു സംഘടന ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി വിധി പറഞ്ഞതിങ്ങനെ; 'ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അവരിലെ ജനസംഖ്യാനുസൃതമായാണ് നല്‍കേണ്ടത്. വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം കോടതി റദ്ദ് ചെയ്യുന്നു'.

വിധി വന്ന ഉടന്‍ പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും ഒരു യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു. ഒരു വിഭാഗത്തിനും നഷ്ടം വരാത്തവിധം രമ്യമായി സ്‌കോളര്‍ഷിപ്പ് അനുപാത വിവാദം അവസാനിപ്പിക്കാന്‍ ഏവര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ടു വെച്ചു. മുസ്ലിം കുട്ടികള്‍ക്ക് ലഭിച്ചിരുന്ന 80 എണ്ണവും 80 രൂപയും അങ്ങിനെത്തന്നെ നിലനിര്‍ത്തുക. 42% ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി പാലിക്കാന്‍ അതേ സമുദായത്തിലെ 22 കുട്ടികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ 22 രൂപ കൂടി അധികമായി അനുവദിക്കുകയും ചെയ്യുക.

ഇക്കാലമത്രയും ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്ക് നല്‍കിയിരുന്ന 100 രൂപയില്‍, മുസ്ലിo വിഭാഗത്തില്‍ കിട്ടിക്കൊണ്ടിരുന്ന കുട്ടികളുടെ എണ്ണത്തിലും ലഭിച്ചുകൊണ്ടിരുന്ന 80 രൂപയിലും ഒരു കുറവും വരുത്താതെ ഇതിലേക്കായി നീക്കിവെച്ച സംഖ്യയോടൊപ്പം മുസ്ലിമേതര ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നല്‍കാന്‍ ആവശ്യമായി വരുന്ന 22 രൂപ അധികമായി സര്‍ക്കാര്‍ അനുവദിക്കുകയാണല്ലോ ചെയ്തത്. ഇതെങ്ങിനെയാണ് മുസ്ലിം വിരുദ്ധമാവുക?

കോടതി പറഞ്ഞതിനെ തുടര്‍ന്ന് നിലവിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായ നൂറ് രൂപ 58:42 അനുപാതമാക്കി മുസ്ലിം സമുദായത്തിന് ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന സംഖ്യയിലോ എണ്ണത്തിലോ യാതൊരു കുറവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ഇതിനപ്പുറം സ്വീകാര്യമായ ഒരു വഴി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിച്ചു തരാന്‍ കഴിയുമോ?

ഹൈക്കോടതി വിധി പരിശോധിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ പോയാല്‍ വലിയ കാര്യമുണ്ടാവില്ലെന്നാകണം ഗവണ്‍മെന്റിന് കിട്ടിയ നിയമോപദേശം. ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഉറഞ്ഞുതുള്ളുന്നവരാരും നേരത്തെ കേസില്‍ കക്ഷിചേരാതിരുന്നത് എന്ത് കൊണ്ടാണെന്ന് കൂടി വ്യക്തമാക്കുന്നത് ഉചിതമാവില്ലേ?

ഒന്നേ പറയാനുള്ളൂ; വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ വേണ്ടതെന്തോ അതിനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും തീപ്പൊരി വിതറി ആളിക്കത്തിക്കാനുമല്ല. അവനവന്‍ ഇരിക്കുന്ന കൊമ്പ് ജമാഅത്തെ ഇസ്ലാമിയുടെ ദുര്‍ബോധനത്തില്‍ പെട്ട് ലീഗ് സ്വയം മുറിച്ച് താഴെ വീഴാതെ നോക്കിയാല്‍ അവര്‍ക്കു നന്ന്.

 

 

 
കൂടുതല്‍വാര്‍ത്തകള്‍.