വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ ശിക്ഷ കടുപ്പിച്ച് സര്‍ക്കാര്‍. പുതിയ കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഫോണ്‍ എന്ത് ആവശ്യത്തിന് ഉപയോഗിച്ചെന്ന് ന്യായം പറഞ്ഞാലും 200 പൗണ്ട് പിഴയും, ആറ് പെനാല്‍റ്റി പോയിന്റും നല്‍കുന്നത്.
മ്യൂസിക് പ്ലേലിസ്റ്റ് സ്‌ക്രോള്‍ ചെയ്യുന്നത് മുതല്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നും, ഫോട്ടോഗ്രാഫ് എടുക്കുന്നതും, മൊബൈല്‍ ഗെയിം കളിക്കുന്നതുമെല്ലാം ഇനി കര്‍ശനമായി വിലക്കും. റെഡ് ലൈറ്റില്‍ നിര്‍ത്തുകയോ, ട്രാഫിക്കില്‍ കുരുങ്ങി കിടക്കുകയോ ചെയ്യുമ്പോഴും ഈ നിയമങ്ങള്‍ ബാധകമാകും.
ഒതുക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയില്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിക്കാനും, ഫാസ്റ്റ് ഫുഡ് ഡ്രൈവ് ത്രൂവിലും, പേ ടോളിലും മറ്റും കോണ്ടാക്ട്‌ലെസ് പേയ്‌മെന്റ് നടത്തുന്നതിനാണ് ഇളവുള്ളത്. ഹാന്‍ഡ്‌സ് ഫ്രീ കോളുകള്‍ തുടര്‍ന്നും നടത്താന്‍ കഴിയും. സ്‌ക്രീന്‍ തെളിപ്പിക്കുക, സമയം പരിശോധിക്കുക, നോട്ടിഫിക്കേഷന്‍ നോക്കുക, ഡിവൈസ് അണ്‍ലോക്ക് ചെയ്യുക, ടെലിഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കോള്‍ ചെയ്യുക, സ്വീകരിക്കുക, നിരാകരിക്കുക എന്നിവയെല്ലാം കുറ്റകരമാണ്.
ഇതിന് പുറമെ സന്ദേശമോ, ശബ്ദസന്ദേശമോ അയയ്ക്കല്‍, സ്വീകരിക്കല്‍, അപ്‌ലോഡ് ചെയ്യല്‍, ഫോട്ടോ, വീഡിയോ എന്നിവ അയയ്ക്കല്‍, സ്വീകരിക്കല്‍, അപ്‌ലോഡ് ചെയ്യല്‍ എന്നിവയും ശിക്ഷാര്‍ഹമാണ്. ക്യാമറ, വീഡിയോ, സൗണ്ട് റെക്കോര്‍ഡിംഗ് ഫംഗ്ഷന്‍ എന്നിവ ഉപയോഗപ്പെടുത്തുന്നതും, ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതും, സ്റ്റോര്‍ ചെയ്ത് വെച്ചിട്ടുള്ള രേഖകള്‍, ബുക്ക്, ഓഡിയോ ഫയല്‍, ഫോട്ടോ, വീഡിയോ, ഫിലിം, നോട്ട്, മെസേജ് എന്നിവ പരിശോധിക്കാനും അനുമതിയില്ല.
ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ ശ്രമിച്ച് പിടിക്കപ്പെട്ടാലും ഫൈനും, പെനാല്‍റ്റി പോയിന്റും ലഭിക്കും. വിന്‍ഡ്‌സ്‌ക്രീനില്‍ സുരക്ഷിതമായി മൗണ്ട് ചെയ്ത ഫോണ്‍ സാറ്റ്-നാവിഗേഷനായി ഉപയോഗിക്കാന്‍ നിയമപരമായി അനുമതി തുടരും. എന്നാല്‍ ഡിവൈസില്‍ അനാവശ്യമായി തൊടുന്നുവെന്ന് പോലീസിന് തോന്നിയാല്‍ ശിക്ഷിക്കപ്പെടാം.
200 പൗണ്ട് ഫൈനും, ആറ് പെനാല്‍റ്റി പോയിന്റുമാണ് ചുരുങ്ങിയ ശിക്ഷയെങ്കിലും കേസ് മോശമായാല്‍ പിഴ 1000 പൗണ്ടിലേക്കും, ഡ്രൈവിംഗ് വിലക്കും വരെ നേരിടാനും വ്യവസ്ഥയുണ്ട്.