CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 37 Seconds Ago
Breaking Now

ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെയും മറ്റ് യുഎന്‍ ഏജന്‍സികളുടെയും റിപ്പോര്‍ട്ട് പ്രകാരം 20 വര്‍ഷ കാലയളവില്‍ മാതൃമരണ നിരക്ക് 34.3 ശതമാനം കുറഞ്ഞതായി ചൂണ്ടിക്കാട്ടുന്നു.

യുഎന്‍ ഏജന്‍സികള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് മാതൃമരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ലോകം ഗണ്യമായി പുരോഗതി ത്വരിതപ്പെടുത്തണമെന്നും അല്ലെങ്കില്‍ 2030 ഓടെ ഒരു ദശലക്ഷത്തിലധികം സ്ത്രീകളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും സൂചിപ്പിക്കുന്നു.

നൈജീരിയയിലാണ് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയ്ക്ക് തൊട്ടുപിന്നാലെ ആഗോള മാതൃ മരണങ്ങളില്‍ 8.3 ശതമാനവും ഇന്ത്യയിലാണ്. മറ്റ് മൂന്ന് രാജ്യങ്ങളിലും 2020ല്‍ 10,000ത്തിലധികം മാതൃമരണങ്ങള്‍ ഉണ്ടായി. ഇന്ത്യ (24,000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (22,000), എത്യോപ്യ (10,000)  ആഗോള മാതൃമരണങ്ങളുടെ യഥാക്രമം 8.3 ശതമാനം, 7.5 ശതമാനം, 3.6 ശതമാനമാണ്. മുമ്പത്തെ കണക്കുകളില്‍ നൈജീരിയയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നു. 

കഠിനമായ രക്തസ്രാവം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭധാരണ സംബന്ധിയായ അണുബാധകള്‍, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍, എച്ച്‌ഐവി/എയ്ഡ്‌സ്, മലേറിയ എന്നിവ മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃമരണങ്ങളുടെ എല്ലാ പ്രധാന കാരണങ്ങളും ഉയര്‍ന്ന നിലവാരമുള്ളതും ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനത്തിലൂടെ വലിയതോതില്‍ തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്.

' ഗര്‍ഭകാലം എല്ലാ സ്ത്രീകള്‍ക്കും വലിയ പ്രതീക്ഷയും നല്ല അനുഭവവുമാകുമെങ്കിലും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കാത്ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് ഞെട്ടിപ്പിക്കുന്ന അപകടകരമായ അനുഭവമാണ്...'  ലോകാരോഗ്യ സംഘടനയുടെ ജനറല്‍ ഡയറക്ടര്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.