CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 50 Seconds Ago
Breaking Now

ബംഗ്ലാദേശില്‍ ആളിക്കത്തി പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 105, ഇന്റര്‍നെറ്റും നിശ്ചലമായി

പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍വകലാശാലകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തില്‍ 300ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കന്‍ അതിര്‍ത്തികളിലൂടെ നൂറുകണക്കിനാളുകളാണ് ഇന്ത്യയിലേക്ക് കടന്നത്. അതേസമയം ബംഗ്ലാദേശില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ടിവി ചാനല്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍വകലാശാലകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. 7000ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ബംഗ്ലാദേശിലുണ്ട്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം കനത്തതോടെ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങി വന്നവരില്‍ കൂടുതലും. ഉത്തര്‍പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. ത്രിപുരയിലെ അഗര്‍ത്തലയ്ക്ക് സമീപമുള്ള അഖുറ അന്താരാഷ്ട്ര തുറമുഖവും മേഘാലയിലെ ഡാവ്കിയിലുള്ള തുറമുഖവുമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്.

പ്രതിഷേധം ശമിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അത് സംഭവിക്കാത്ത പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതും മടക്കത്തിന്റെ കാരണമായി. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മണിക്കൂറുകള്‍ യാത്ര ചെയ്താണ് പല വിദ്യാര്‍ഥികളും നാട്ടിലേക്ക് മടങ്ങിയത്. മേഘാലയ വഴി ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ അതിര്‍ത്തി കടന്നതായാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങള്‍ വഴിയും രാജ്യത്തേക്ക് മടങ്ങിയവരുണ്ട്.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ 56 ശതമാനത്തോളം വിവിധ സംവരണങ്ങള്‍ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.