ഒളിംപിക്സില്‍ നിന്ന് അയോഗ്യതക്കെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന്. അനുകൂല ഉത്തരവുണ്ടായാല്‍ വെള്ളി മെഡല്‍ പങ്കിടും. നേരത്തെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് തലവന്‍ നെനാദ് ലലോവിച് വ്യക്തമാക്കിയിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനലിനു തൊട്ടുമുന്‍പ് വിനേഷ് ഫോഗട്ടിനെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.
അതേസമയം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. എക്സിലിട്ട പോസ്റ്റിലൂടെയാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ''ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല'' എന്നാണ് അവര്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു വിനേഷ് ഫോഗട്ടിന്റെ അയോഗ്യയാക്കല്‍. ഭാരപരിശോധനയില്‍ ബെയ്‌സ് ഭാരത്തെക്കാളും 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് താരത്തിനെ അയോഗ്യ ആയി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഗോദയില്‍ നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും തോല്‍ക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്ബിക്സിലെ സ്വര്‍ണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫോഗട്ടിന് മുന്നിലെത്തിയത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ്. അഞ്ച് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സുസാക്കിയെ മലര്‍ത്തിയടിച്ച ഫോഗട്ടില്‍ ലോകം ഒരു പോരാളിയെക്കണ്ടു. തോല്‍വിയറിയാത്ത 82 മത്സരങ്ങള്‍ക്ക് ശേഷം സുസാക്ക് തോറ്റെന്ന വാര്‍ത്ത ഗുസ്തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.