പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ സെപ്തംബര്‍ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാര്‍ഡ് ഇദ്ദേഹത്തിന് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ 8-ന് ദില്ലിയില്‍ അവാര്‍ഡ് വിതരണം നടക്കാന്‍ ഇരിക്കുകയാണ്. ഇതിനാല്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം റദ്ദാക്കി. ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തായി അറിയിച്ചിട്ടുണ്ട്.
കൂടാതെ ദില്ലിയില്‍ വിജ്ഞാന് ഭവനില്‍ നടക്കുന്ന എഴുപതാമത് ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും പിന്‍വലിച്ചു. ഇതോടെ ജാനിക്ക് ലഭിച്ച ജാമ്യത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം ഉയരുകയാണ്. മിക്കവാറും ജാനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് വിവരം. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാര്‍ഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം.