CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 49 Seconds Ago
Breaking Now

വെയില്‍സില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 15 പേര്‍ ആശുപത്രിയില്‍; ട്രെയിന്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ഇടിച്ചുകയറിയതെന്ന് സൂചന; അപകടത്തില്‍ യാത്രക്കാര്‍ക്ക് പല്ലുകള്‍ നഷ്ടപ്പെട്ടു, വാരിയെല്ല് തകര്‍ന്നു

ഓടുന്ന ട്രെയിന്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ഡ്രൈവര്‍ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി ദൃക്‌സാക്ഷി

വെയില്‍സില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് ലാന്‍ബ്രിന്‍മെയര്‍ ഗ്രാമത്തിന് സമീപമുള്ള ലൈനില്‍ വെച്ച് അത്യാഹിതം നേരിട്ടത്. 

ഒരു പുരുഷന്‍ മരിച്ചതായി ഡൈഫെഡ്-പോവിസ് പോലീസ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ലെന്നാണ് സൂചന. രണ്ട് ട്രെയിനുകളില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി. Pic: Dan Jones

രണ്ട് ട്രെയിനുകള്‍ കൂട്ടിമുട്ടിയതായി റിപ്പോര്‍ട്ട് ലഭിച്ചാണ് സ്ഥലത്തെത്തുന്നതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. വേഗത കുറഞ്ഞ ട്രെയിന്‍ ഇടിച്ചതിനാല്‍ ആഘാതം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാരാമെഡിക്കുകളും, ഫയര്‍ & റെസ്‌ക്യൂ സംഘവും, ഡൈഫെഡ് പോവിസ് പോലീസും സ്ഥലത്തെത്തി. Pic: .Dan Jones

ഷ്രൂസ്ബറിയില്‍ നിന്നും ആബെറിറ്റ്‌സ്‌വിത്തിലേക്ക് പോയ സര്‍വ്വീസനും, മാഷിന്‍ലെത്തില്‍ നിന്നും ഷ്രൂസ്ബറിയിലേക്ക് പോയ ട്രെയിനുമാണ് അപകടത്തില്‍ പെട്ടതെന്ന് നെറ്റ്‌വര്‍ക്ക് റെയിലും, ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ വെയില്‍സും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ലൈന്‍ അടച്ചിട്ടതിനാല്‍ നാഷണല്‍ റെയില്‍ എന്‍ക്വയറി മുഖാന്തിരം യാത്രകള്‍ക്ക് മുന്‍പ് പരിശോധിച്ച ശേഷം ഇറങ്ങണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓടുന്ന ട്രെയിന്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ഡ്രൈവര്‍ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി ദൃക്‌സാക്ഷി കംബ്രിയന്‍ ന്യൂസിനോട് പറഞ്ഞു. ഇതോടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ചില യാത്രക്കാരുടെ പല്ല് പോകുകയും, മറ്റ് ചിലരുടെ വാരിയെല്ല് പൊട്ടുകയും ചെയ്തതായി ഇവരുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.