CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 49 Seconds Ago
Breaking Now

കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ച് കൊന്ന മെറ്റ് മാര്‍ക്ക്‌സ്മാന്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന് കോടതി; ഓഫീസര്‍ കൊലക്കേസില്‍ കുറ്റക്കാരനല്ല; ഓള്‍ഡ് ബെയ്‌ലിക്ക് പുറത്ത് 'ക്രിസ് കാബയ്ക്ക്' നീതി ലഭിക്കണമെന്ന് പ്ലക്കാര്‍ഡുമായി പ്രതിഷേധക്കാര്‍

ഓഫീസര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തിയ സിപിഎസ് നടപടി വിമര്‍ശനം നേരിടുകയാണ്

കറുത്തവര്‍ഗ്ഗക്കാരനായ ക്രിസ് കാബയെ വെടിവെച്ച് കൊന്ന കേസില്‍ മെറ്റ് ഓഫീസര്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് ഓള്‍ഡ് ബെയ്‌ലി കോടതി. 24-കാരനായ കാബയെ വെടിവെച്ച് കൊലപ്പെടുത്തിയ ഓഫീസര്‍ കുറ്റവാളിയല്ലെന്നാണ് കോടതി വിധിച്ചത്. 40-കാരനായ മാര്‍ട്ടിന്‍ ബ്ലേക്ക് ന്യായീകരണമില്ലാതെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവെച്ചെന്നായിരുന്നു ആരോപണം. 

2022 സെപ്റ്റംബറിലാണ് സൗത്ത് ലണ്ടനിലെ സ്ട്രീത്താമില്‍ വെച്ച് വെടിവെപ്പ് നടന്നത്. ഒരു ദിവസം മുന്‍പ് ബ്രിക്സ്റ്റണില്‍ ഉണ്ടായ വെടിവെപ്പിന് ശേഷം രക്ഷപ്പെടാനായി ഉപയോഗിച്ച ഔഡി കാര്‍ തിരിച്ചറിഞ്ഞ ഓഫീസര്‍മാര്‍ വാഹനം തടഞ്ഞു. പല പോലീസ് കാറുകള്‍ ചുറ്റും എത്തിയതോടെ നിരായുധനായ കാബ വാഹനം പല തവണ മുന്നോട്ടും, പിന്നോട്ടും ഓടിച്ചു. Police video footage shows the moment armed officers surrounded the car being driven by Chris Kaba

ഓഫീസര്‍മാര്‍ക്ക് നേരെ ഇയാള്‍ വാഹനം ഓടിച്ച് കയറ്റുമെന്ന് തോന്നിയതോടെയാണ് താന്‍ നിറയൊഴിച്ചതെന്ന് ബ്ലേക്ക് ജൂറിയോട് പറഞ്ഞു. എന്നാല്‍ വാഹനം നിര്‍ത്താതെ കൈ ഉയര്‍ത്താന്‍ തയ്യാറാകാതിരുന്ന ചെറുപ്പക്കാരനോട് തോന്നിയ ദേഷ്യത്തിലാണ് ബ്ലേക്ക് നിറയൊഴിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

കോടതി ബ്ലേക്കിനെ വെറുതെവിട്ടതോടെ മെറ്റ് ഓഫീസര്‍മാര്‍ക്കും ആശ്വാസമായെങ്കിലും ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ കോടതിക്ക് പുറത്ത് പ്രതിഷേധങ്ങള്‍ നടത്തി. കാബയുടെ കുടുംബവും വിധിക്കെതിരെ രംഗത്തെത്തി. ക്രിസ് കൊല്ലപ്പെട്ടത് മുതല്‍ നേരിടുന്ന താങ്ങാന്‍ കഴിയാത്ത ദുഃഖത്തോടൊപ്പമാണ് ഈ അനീതിയും ചേരുന്നതെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം ഓഫീസര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തിയ സിപിഎസ് നടപടി വിമര്‍ശനം നേരിടുകയാണ്. കൃത്യമായ തെളിവുകളില്ലാതെ രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തിയ കേസാണ് കേവലം മൂന്ന് മണിക്കൂറില്‍ ജൂറി തള്ളിയതെന്നാണ് പോലീസുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.