ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തുന്ന ഇസ്രയേല്‍ പൗരന്മാരുടെ വീഡിയോ വൈറലായി. കഴിഞ്ഞ വര്‍ഷത്തെ ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരാണ് പ്രതിഷേധിച്ചത്. ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴിന് നടത്തിയ അനുസ്മരണ പരിപാടിയിലാണ് സംഭവം.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മിനുറ്റോളം ശബ്ദിക്കാതെ നില്‍ക്കുന്ന നെതന്യാഹുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ' എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു', എന്ന് പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ നോക്കി വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയതില്‍ നെതന്യാഹു കുറ്റക്കാരനാണെന്ന് നിരവധി ഇസ്രയേല്‍ പൗരന്മാര്‍ ആരോപിച്ചു. ഹമാസ് ബന്ദിക്കളാക്കിയവരെ ഇപ്പോഴും മോചിപ്പിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഗാസയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.