യുകെ മലയാളി നഴ്‌സുമാര്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഒരു ചരിത്രം പിറന്നു... കാരണം സ്വദേശികളായി മത്സരിച്ച ഏവരേയും പിന്നിലാക്കി ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ബിജോയ് സെബാസ്റ്റിയന്‍
അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുടെ യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ്ങ് ട്രേഡ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി മലയാളിയായ മെയില്‍ നഴ്‌സ് ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്.
ഇത് യുകെയിലെ ഓരോ നഴ്‌സുമാര്‍ക്കും അഭിമാന നിമിഷമാണ്. നമ്മളില്‍ ഒരാള്‍ ആര്‍സിഎന്നിന്റെ തലപ്പത്തേക്ക് വരുന്നത് എന്നതു തന്നെ യുകെയിലെ മലയാളി നഴ്‌സുമാരുടെ ശക്തി വിളിച്ചോതുന്നതാണ്.
യുക്മ നാഷണല്‍ കലാമേളയിലും നഴ്‌സുമാരുടെ പിന്തുണ തേടി ബിജോയ് എത്തിയിരുന്നു. ഇതു ബിജോയുടെ വിജയത്തിന് നിര്‍ണ്ണായകമായി. ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയകളിലൂടെ വലിയ ക്യാമ്പയിനുകള്‍ ഇതിന് ശേഷം നടന്നിരുന്നു.
ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്.
യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് സ്വദേശികളായ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ബിജോയ് ഊജ്വല വിജയം സ്വന്തമാക്കിയത്.
ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11 നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെ മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ ആറു പേരാണ് മത്സരിച്ചത്. 2025 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
1916 ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രവര്‍ത്തനമാരംഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളില്‍ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. യൂണിയന്‍ ഒത്തൊരുമയോടെ പോകുമെന്നും കരുത്തുറ്റ ശബ്ദമായി മാറുമെന്നും ബിജോയ് പറഞ്ഞു.
UCLH (University College London) ഹോസ്പിറ്റലില്‍ ഇലക്ടീവ് ക്രിട്ടിക്കല്‍ കെയര്‍ പാത്ത് വേയുടെ ചുമതലയുള്ള സീനിയര്‍ നഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്സിറ്റി, ഇന്‍ക്ലൂഷന്‍ കമ്മിറ്റിയുടെ കോ ചെയര്‍ ആയും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസിന്റെ ജനറല്‍ സെക്രട്ടറി ആയും ഫ്‌ലോറെന്‍സ് നൈറ്റിഗേല്‍ ഫൗണ്ടേഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്ന് യൂക്കെയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ സംഘടനകളുടെ നെറ്റ് വര്‍ക്കിന്റ ചെയറായും എന്‍ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മായി ചേര്‍ന്ന് നഴ്സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂക്കെയില്‍ നഴ്സുമാരാണ്.
ഉപഹാറിന്റെ സ്റ്റം സെല്‍ ഡോണര്‍ രെജിസ്‌ട്രേഷന്‍ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസെഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി വരുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജെക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു.
യൂറോപ് മലയാളിയും ബിജോയ് സെബാസ്റ്റിയന് പിന്തുണയേകി ഒപ്പമുണ്ടായിരുന്നു.
ഏതായാലും യുകെ മലയാളി നഴ്‌സുമാര്‍ക്ക് വലിയ ഗുണകരമാകും ബിജോയുടെ വിജയം.