ആർ.സി.എൻ. (Royal College of Nursing) ഇലക്ഷനിൽ ഇന്ന് ബിജോയ് സെബാസ്റ്റ്യനെ പ്രസിഡന്റ് ആയും പ്രൊഫസർ ആലിസൺ ലീറി യെ ഡെപ്യൂട്ടി പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു അഞ്ചു ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ അംഗമായിട്ടുള്ള ആര്‍സിഎന്‍ ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് തന്നെ നഴ്‌സിങ് രംഗത്തെ മികവ് തെളിയിച്ച ബിജോയ്ക്ക് യുക്മ അടക്കമുള്ള സംഘടനകൾ നേരത്തെ തന്നെ പിന്തുണ പ്രഘ്യഅപിച്ചിരുന്നു.യു കെയിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രബലമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികള്‍ക്കിടയില്‍ ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ആവേശമാണ് ഉയര്‍ത്തിയിരുന്നത് . UCLH (University College London) ഹോസ്പിറ്റലില്‍ ഇലക്ടീവ് ക്രിട്ടിക്കല്‍ കെയര്‍ പാത്ത് വേയുടെ ചുമതലയുള്ള സീനിയര്‍ നഴ്സ് ആയി പ്രവര്‍ത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇന്‍ക്ലൂഷന്‍ കമ്മിറ്റിയുടെ കോ ചെയര്‍ ആയും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസിന്റെ ജനറല്‍ സെക്രട്ടറി ആയും ഫ്ലോറെന്‍സ് നൈറ്റിഗേല്‍ ഫൗണ്ടേഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്ന് യൂക്കെയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുടെ നെറ്റ് വര്‍ക്കിന്റ ചെയറായും എന്‍ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്സ് മായി ചേര്‍ന്ന് നഴ്‌സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂക്കെയില്‍ നഴ്‌സുമാരാണ്. ഉപഹാറിന്റെ സ്റ്റം സെല്‍ ഡോണര്‍ രെജിസ്ട്രേഷന്‍ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസെഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി വരുന്ന ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോജെക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു. "ആർ.സി.എൻ. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ അഭിമാനമാണ്. ഈ പദവിയുമായി ബന്ധപ്പെട്ട് എനിക്ക് വലിയ പ്രതീക്ഷകളുണ്ട്, കൂടാതെ നഴ്‌സിംഗ് മേഖലയെ കൂടുതൽ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൽ നമ്മൾ ഒരുമിച്ചു മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ അംഗങ്ങളും കോളേജുമായി ഇടപഴകി ഒരു ശക്തമായ, ഏകീകൃത ശബ്ദം ഉണ്ടാക്കാൻ സഹായിക്കും എന്ന് ഞാൻ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു.എനിക്ക് വോട്ട് ചെയ്ത ,എന്നെ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച ഏവർക്കും ഞാൻ നന്ദി പറയുന്നു. കോട്ടയത്ത് നിന്ന് ബിജോയ് യൂറോപ് മലയാളി യോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ഒരു പ്രൊജകെട്ടിന്റെ ഭാഗമായി ബിജോയ് ഇപ്പോൾ കോട്ടയത്താണുള്ളത്.