പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകള്‍ക്ക് പച്ചക്കൊടി വീശി ലേബര്‍ ഗവണ്‍മെന്റ്. ഇതോടെ അടുത്ത വര്‍ഷം കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 110 പൗണ്ട് വരെ ശരാശരി കുതിച്ചുചാട്ടം നേരിടുമെന്നാണ് വ്യക്തമാകുന്നത്. ഉയരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് 5 ശതമാനം വരെയുള്ള ബില്‍ വര്‍ദ്ധനയ്ക്ക് കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തിന്റെ മൂന്നിരട്ടി വര്‍ദ്ധനയ്ക്കാണ് അനുമതി. ഇതോടെ ബാന്‍ഡ് ഡി ഭവനങ്ങളുടെ 2171 പൗണ്ട് ബില്ലുകളില്‍ ശരാശരി 110 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് സാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവിന് കളമൊരുക്കിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പാണ് പുതിയ നീക്കം.
ടോറി ഭരണത്തില്‍ സമാനമായ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കടന്നാക്രമണം നടത്തിയവരാണ് ലേബര്‍ പാര്‍ട്ടിക്കാര്‍. ജീവിതച്ചെലവ് കുറയ്ക്കാന്‍ ഈ നികുതി മരവിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു കീര്‍ സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഈ നിലപാട് ഭരണത്തിലെത്തിയപ്പോള്‍ ലേബര്‍ തിരുത്തിയിരിക്കുകയാണ്.
മുന്‍ ലേബര്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇരട്ടഅക്ക വര്‍ദ്ധനവ് നടത്തിയതോടെയാണ് കണ്‍സര്‍വേറ്റീവുകള്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവിന് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തിയത്. ഈ ക്യാപ്പ് ലേബര്‍ ഗവണ്‍മെന്റ് റദ്ദാക്കുമോയെന്ന ടോറി നേതാവ് കെമി ബാഡെനോക്കിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ കൃത്യമായി മറുപടി നല്‍കിയില്ല. കൗണ്‍സില്‍ ഫിനാന്‍സിലെ 2.4 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് ഉയര്‍ന്ന നികുതിയിലൂടെയും, പാര്‍ക്കിംഗ് പോലുള്ള ചാര്‍ജ്ജുകളിലൂടെയും നികത്താവുന്നതാണെന്ന് ബാഡെനോക് ചൂണ്ടിക്കാണിച്ചു.
ഇതോടെയാണ് അടുത്ത വര്‍ഷം 5 ശതമാനം ക്യാപ്പ് തുടരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ എത്തിയിട്ടും ഇതില്‍ മാറ്റം വരുത്താന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്നത് ജനങ്ങള്‍ക്ക് ആഘാതമാണ്.