ജോണ്‍ സ്മിത്ത് ലൈംഗിക പീഡന വിവാദത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പല പ്രമുഖരും രാജി സമ്മര്‍ദം നേരിടുകയാണ്. വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ ആംഗ്ലിക്കന്‍ ചര്‍ച്ച് മേധാവിയായിരുന്ന കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ ആര്‍ച്ച്ബിഷപ്പിനെ ബലിയാടാക്കി മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്.
ജോണ്‍ സ്മിത്ത് ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ അതിഭീകരമാണെന്ന് ഇയാളുടെ മകളുടെ ഭര്‍ത്താവ് ആന്‍ഡി ഹെന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു. എന്നാല്‍ വിവാദത്തില്‍ ജസ്റ്റിന്‍ വെല്‍ബിയെ ബലിയാടാക്കുകയാണെന്ന ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു. ഭാര്യാപിതാവ് നടത്തിയ ചൂഷണങ്ങള്‍ വേര്‍തിരിച്ച് കാണാന്‍ പോലും കഴിയാത്ത വിധത്തിലാണെന്ന് ഹെന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചതോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മറ്റ് ഉന്നത പുരോഹിതവൃന്ദത്തിന് നേര്‍ക്ക് വിമര്‍ശനം തിരിഞ്ഞിട്ടുണ്ട്. ചൂഷണം സംബന്ധിച്ച് മറുപടി പറയേണ്ടവരും, എന്തെല്ലാം കാര്യങ്ങള്‍ ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നുമാണ് ചോദ്യങ്ങള്‍ ഉയരുന്നത്. വെല്‍ബിയുടെ പകരക്കാരനെ കണ്ടെത്താനുള്ള രഹസ്യ കമ്മിറ്റിയിലെ നാല് ബിഷപ്പുമാരും, ഒരു അംഗവും ഇതില്‍ പെടും.
ചര്‍ച്ചിനുള്ളിലെ ഏറ്റവും ഭീകരനായ കുട്ടിപ്പീഡനകനെ 2018-ല്‍ ഇയാളുടെ മരണത്തിന് മുന്‍പ് നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ നാണക്കേട് സമ്മതിച്ചാണ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് സ്ഥാനമൊഴിഞ്ഞത്. നൂറിലേറെ ആണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി സ്മിത്തിന്റെ ചെയ്തികള്‍ ചര്‍ച്ച് മറച്ചുവെച്ചെന്നാണ് കഴിഞ്ഞ ആഴ്ച സമാപിച്ച റിവ്യൂ കണ്ടെത്തിയത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഒരു സുരക്ഷിത സ്ഥാപനമല്ലെന്ന് ചര്‍ച്ചിലെ സുരക്ഷ സംബന്ധിച്ച് സ്‌പെഷ്യലൈസ് ചെയ്യുന്ന ബിഷപ്പ് സമ്മതിച്ചിട്ടുണ്ട്. ചിലര്‍ കൂടി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഇദ്ദേഹം പറയുന്നു.