സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദിവസേനയെന്നോണം പുറത്തുവരുന്നുണ്ട്. സ്ഥാപനങ്ങള്‍ അതിന്റെ ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും ഈ വര്‍ദ്ധനയുടെ ഭാരം കൈമാറുന്നതാണ് ജനങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നത്. ഇതിലെ അവസാനത്തെ ഇരയായി ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലേബര്‍ ഗവണ്‍മെന്റിന്റെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന പ്രഖ്യാപിച്ചതോടെ മിക്ക നഴ്‌സറികളും രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്ന ഫീസ് ഉയര്‍ത്തുമെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 1000 ഏര്‍ലി ഇയര്‍ പ്രൊവൈഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 95 ശതമാനം പേരും വര്‍ദ്ധിച്ച എന്‍ഐ മൂലം രക്ഷിതാക്കളില്‍ നിന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി.
കൂടാതെ ഭക്ഷണം, ട്രിപ്പുകള്‍ എന്നിവയ്ക്കായി കൂടുതല്‍ തുകയും വാങ്ങേണ്ടി വരുമെന്ന് 87 ശതമാനം നഴ്‌സറികളും പറയുന്നു. കഴിഞ്ഞ മാസത്തെ ബജറ്റിലാണ് എംപ്ലോയര്‍ റേറ്റ് എന്‍ഐ ഏപ്രില്‍ മുതല്‍ 15 ശതമാനത്തിലേക്ക് ഉയരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. കൂടാതെ എന്‍ഐ അടച്ച് തുടങ്ങേണ്ട ജീവനക്കാരുടെ ശമ്പളപരിധി 9100 പൗണ്ടില്‍ നിന്നും 5000 പൗണ്ടായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയ നടപടി സ്റ്റേറ്റ് സ്‌കൂളുകളെ കനത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടും. ലേബര്‍ വാറ്റ് വേട്ട നടപ്പാക്കിയതോടെ 3000-ലേറെ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളിലേക്ക് മാറാന്‍ അപേക്ഷിക്കുമെന്നാണ് കണക്കുകള്‍. ജനുവരി മുതല്‍ പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ 20% വാറ്റ് ഏര്‍പ്പെടുത്തിയ റീവ്‌സിന്റെ നടപടിയാണ് ഇതിന് വഴിവെയ്ക്കുന്നത്.