കെയര്‍ ഹോം അന്തേവാസികളെ ചൂഷണം ചെയ്തിരുന്ന നഴ്‌സിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പുരുഷ സഹജീവനക്കാരനെ കുരുക്കാന്‍ വ്യാജ ലൈംഗിക പീഡന ആരോപണം സൃഷ്ടിക്കാന്‍ ശ്രമിച്ച നഴ്‌സിനെ പുറത്താക്കി. തനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ജീവനക്കാരനെ കുടുക്കാനായിരുന്നു നഴ്‌സിന്റെ ശ്രമം.
36-കാരി റുക്‌സാന്‍ഡ്ര സാര്‍ബത്താണ് തനിക്കെതിരെ പ്രവര്‍ത്തിച്ച ജീവനക്കാരനെ ലൈംഗിക പീഡന കേസില്‍ പെടുത്താന്‍ തയ്യാറെടുക്കുന്നതായി മറ്റൊരു ജീവനക്കാരിയെ അറിയിച്ചത്. തന്നെ ഇയാള്‍ എടുത്ത് പൊക്കിയെന്നും, പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നും പറയാനായിരുന്നു ഉദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കരുതെന്ന് ഉപദേശിച്ചപ്പോള്‍ 'ഇതൊക്കെ ഞാന്‍ ചെയ്യും' എന്ന നിലപാടാണ് നഴ്‌സ് സ്വീകരിച്ചത്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കെയര്‍ ഹോം അന്തേവാസികളെ സാര്‍ബത്ത് പതിവായി ഉപദ്രവിച്ചിരുന്നു. അധിക്ഷേപ വാക്കുകള്‍ ചൊരിയുന്നതും സ്ഥിരമായിരുന്നു. രോഗികളെ മയക്കികിടത്തുന്നത് സംബന്ധിച്ച് പറഞ്ഞിരുന്ന ഇവര്‍ മറ്റ് ജോലിക്കാരെയും അധിക്ഷേപിച്ചിരുന്നു. നഴ്‌സിന് എതിരായ ആരോപണങ്ങള്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി അച്ചടക്ക സമിതി മുന്‍പാകെയാണ് എത്തിയത്.
പ്രൊഫഷന് മാനക്കേട് സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ വെളിപ്പെട്ടതോടെയാണ് എന്‍എംസി ഇവരെ പുറത്താക്കാന്‍ ഉത്തരവിട്ടത്. 'മുന്‍പ് രോഗികളെ അപകടപ്പെടുത്തുന്ന രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു, പ്രായമായ അന്തേവാസികളെ അധിക്ഷേപിക്കുകയും, ഇത് ആവര്‍ത്തിക്കുമെന്ന് തെളിയിക്കുകയും ചെയ്തു. പ്രൊഫഷന് മാനക്കേട് കൊണ്ടുവരികയാണ് ചെയ്തത്. കൂടാതെ ഒരാള്‍ക്കെതിരെ വ്യാജ ലൈംഗിക ആരോപണ പരാതിക്കും കോപ്പുകൂട്ടിയത് ഗുരുതരമായാണ് കാണുന്നത്' പാനല്‍ പറഞ്ഞു.
നോര്‍ഫോക്കിലെ കാര്‍ബ്രൂക്കിലുള്ള ബക്കിംഗ്ഹാം ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ നഴ്‌സായിരുന്നു സാര്‍ബത്ത്. 2021 നവംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ജനുവരി വരെ അച്ചടക്കലംഘനങ്ങള്‍ അരങ്ങേറിയിരുന്നു.