ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ രാജിവെയ്ക്കണമെന്ന് ആവശ്യം. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ആംഗ്ലിക്കന്‍ ചര്‍ച്ച് മേധാവി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി ഉയരുന്നത്.
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവങ്ങള്‍ മറച്ചുവെച്ചതായി വ്യക്തമായതോടെയാണ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ രണ്ടാമത്തെ മുതിര്‍ന്ന അധികാരിയാണ് ആര്‍ച്ച്ബിഷപ്പ് കോട്രെല്‍. 11 വ്യത്യസ്ത പരാതികള്‍ അവഗണിച്ചതായി വ്യക്തമായതോടെയാണ് ഇദ്ദേഹത്തിന്റെ രാജിക്കായി മുറവിളി വരുന്നത്. ചര്‍ച്ചിലെ ബിഷപ്പുമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന അംഗങ്ങളുടെ പരാതികളും ഇതില്‍ പെടുന്നു.
66-കാരനായ ആര്‍ച്ച്ബിഷപ്പ് കോട്രെലിനോട് പല തവണ പരാതികള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഇരകളെ പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നാണ് കോഫെയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തിയ ഡെയിം ജസ്‌വീന്ദര്‍ സംഘേര വ്യക്തമാക്കിയത്. 68-കാരനായ വെല്‍ബിയും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു.
'ആര്‍ച്ച്ബിഷപ്പുമാര്‍ക്കൊപ്പം ഇരുന്ന് ചര്‍ച്ച നടത്തുകയും, ഹൃദയം തുറന്ന് സംസാരിക്കുകയും, സഹായം തേടുകയും ചെയ്തു. എന്നാല്‍ അവര്‍ അതൊന്നും കേട്ടില്ല. തലതിരിച്ച് നോക്കാനാണ് അവര്‍ തയ്യാറായത്. നേതൃത്വം സുതാര്യവും, വിശ്വാസവുമുള്ളതാകണം. സ്റ്റീഫന്‍ കോട്രെല്‍ ഇരകളോട് ഇതൊന്നും കാണിച്ചില്ല. അതിനാല്‍ രാജിവെയ്ക്കുകയാണ് മികച്ച മാര്‍ഗ്ഗം', മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ഡെയിം ജസ്‌വീന്ദര്‍ സംഘേര പറഞ്ഞു.