ഈസ്റ്റ് ലണ്ടനില്‍ കാര്‍ ബൂട്ടില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ഇന്ത്യന്‍ വംശജ തന്നെയാണെന്ന സ്ഥിരീകരണത്തിന് പുറമെ ഇവരെ കൊലപ്പെടുത്തിയത് സ്വന്തം ഭര്‍ത്താവാണെന്നും വ്യക്തമായിട്ടുണ്ട്. 24-കാരി ഹര്‍ഷിത ബെല്ലയെ കൊലപ്പെടുത്തി മൃതദേഹം കാറിന് പിന്നിലിട്ട് വഴിയരികില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് 23-കാരന്‍ പങ്കജ് ലാംബ രാജ്യം വിട്ടതായി പോലീസ് സംശയിക്കുന്നു.
ഹര്‍ഷിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മൂത്ത സഹോദരി സോണിയ ദബാസ് ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. 'ഞങ്ങളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഹര്‍ഷിതയ്ക്ക് വെറും 24 വയസ്സായിരുന്നു പ്രായം. അപ്പോഴാണ് ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ബൂട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ഭര്‍ത്താവ് പങ്കജ് ലാംബയാണ് പ്രധാന ആരോപണവിധേയന്‍', സോണിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇയാള്‍ ഇപ്പോള്‍ രാജ്യം വിട്ടതോടെ അന്താരാഷ്ട്ര തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുകെ, ഇന്ത്യാ ഗവണ്‍മെന്റുകള്‍ അടിയന്തര നടപടി സ്വീകരിച്ച് ഇയാളെ പിടിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും പങ്കജിനെ വിവാഹം ചെയ്ത് മാര്‍ച്ചിലാണ് ഹര്‍ഷിത യുകെയിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇവരുടെ മൃതദേഹം ഇല്‍ഫോര്‍ഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ഈ മാസം ആദ്യം കോര്‍ബിയില്‍ വെച്ച് ബ്രെല്ല കൊല്ലപ്പെട്ടതായാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ സഹിക്കെട്ട് ഇവര്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നുവെന്ന് അമ്മ സുദേഷ് കുമാരി വെളിപ്പെടുത്തിയിട്ടുണ്ട്. പങ്കജ് ലാംബ തന്നെ പതിവായി മര്‍ദ്ദിച്ചിരുന്നുവെന്ന് ഹര്‍ഷിത മാതാപിതാക്കളെ അറിയിച്ചിരുന്നു. സംഭവത്തില്‍ കൊലയാളിയെന്ന് സംശയിക്കുന്ന പങ്കജ് രാജ്യം വിട്ടുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.