യുകെയില്‍ ശൈത്യം ചുവടുറപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കി സൗത്ത് ഈസ്റ്റിലും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഐസ് അലേര്‍ട്ട്. ചൊവ്വാഴ്ച ശൈത്യകാല സാഹചര്യങ്ങള്‍ ശക്തമായതോടെ വ്യാപകമായ യാത്രാ തടസ്സങ്ങളാണ് രൂപപ്പെട്ടത്. 200-ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയും നേരിട്ടു.
ബുധനാഴ്ച രാവിലെ ഓഫീസിലും, സ്‌കൂളിലും പോകുന്ന സമയത്തും ഈ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. റോഡുകളും, പൊതുഗതാഗത സംവിധാനങ്ങളും ഈ പ്രശ്‌നത്തില്‍ പൊറുതിമുട്ടും.
ലണ്ടന്‍ മുതല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ എക്സ്റ്റര്‍, ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ചെസ്റ്റര്‍ എന്നിങ്ങനെ സ്ഥലങ്ങളിലും ഐസ് അലേര്‍ട്ട് ബാധകമാണ്. രാവിലെ 10 വരെയാണ് നിലവില്‍ പ്രാബല്യം. വെയില്‍സിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ്, ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഇത് ബാധകമാണ്.
അതേസമയം ഈസ്റ്റ് ആംഗ്ലിയ മുതല്‍ സ്‌കോട്ടിഷ് തീരങ്ങള്‍ വരെയുള്ള ഭാഗങ്ങളില്‍ മറ്റൊരു മഞ്ഞ്, ഐസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത് ഉച്ചവരെ നീളും. രാവിലെ റോഡ്, റെയില്‍ യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. അര്‍ദ്ധരാത്രിയോടെ രാജ്യത്തിന്റെ പല ഭാഗത്തും താപനില പൂജ്യത്തിലും, അതിന് താഴേക്കും പോയതോടെയാണ് മഞ്ഞ് കൂടിയത്.
മഞ്ഞുവീഴ്ച മൂലം വെയില്‍സില്‍ 140 സ്‌കൂളുകളും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 50, ഡെര്‍ബിഷയറില്‍ 20 എന്നിങ്ങനെ സ്‌കൂളുകള്‍ അടയ്‌ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ റൂട്ടുകളില്‍ തടസ്സങ്ങള്‍ നേരിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.