അത്ഭുതങ്ങള്‍ സംഭവിച്ചില്ല. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം യുകെ സമ്പദ് വ്യവസ്ഥ എങ്ങോട്ട് നീങ്ങുന്നുവെന്ന ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച താഴേക്ക് പോകുന്നതായാണ് വ്യക്തമാകുന്നത്.
ലേബറിന്റെ ആദ്യ ബജറ്റ് സമ്മാനിച്ച അനിശ്ചിതാവസ്ഥയും, ഉയര്‍ന്ന പലിശ നിരക്കുകളും ബിസിനസ്സുകളെയും, കണ്‍സ്യൂമേഴ്‌സിന്റെ ചെലവഴിക്കലിനെയും, ആത്മവിശ്വാസത്തെയും തകര്‍ക്കുകയാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ആഘാതം സമ്മാനിച്ച് സമ്പദ് വ്യവസ്ഥ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കേവലം 0.1% വളര്‍ച്ച മാത്രമാണ് കൈവരിച്ചത്.
രണ്ടാം പാദത്തില്‍ 0.5% വളര്‍ച്ച നേടിയതില്‍ നിന്നുമാണ് ഈ തിരിച്ചിറക്കമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജി7 രാജ്യങ്ങള്‍ക്കിടയില്‍ യുകെ മൂന്നാം പാദത്തില്‍ വളര്‍ച്ചയില്‍ ആറാം സ്ഥാനത്താണ്. ഇറ്റലി മാത്രമാണ് യുകെയക്ക് പിന്നില്‍. പുതിയ ലേബര്‍ ഗവണ്‍മെന്റിന് കീഴിലുള്ള ആദ്യ പാദത്തില്‍ സര്‍വ്വീസ്, മാനുഫാക്ചറിംഗ് മേഖലയുടെ ഉത്പാദനം കുറഞ്ഞു. ഇതോടെ ബജറ്റും, ഉയര്‍ന്ന പലിശ നിരക്കും വളര്‍ച്ചയെ ബാധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.
നിര്‍മ്മാണ മേഖലയുടെ ഉത്പാദനക്ഷമത താഴ്ന്നതും, ഐടി മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും സെപ്റ്റംബറില്‍ സമ്പദ് വ്യവസ്ഥയെ താഴേക്ക് വലിച്ച ഘടകങ്ങളായി ഒഎന്‍എസ് വിലയിരുത്തുന്നു. ഈ കണക്കുകള്‍ തൃപ്തികരമല്ലെന്ന് റീവ്‌സ് പ്രതികരിച്ചു. നികുതികളുടെ ഭാരം ചുമത്തുന്ന ബജറ്റിന് ശേഷം ഇതില്‍ അപ്പുറം വളര്‍ച്ചയൊന്നും ചാന്‍സലറും പ്രതീക്ഷിച്ചിരിക്കാന്‍ ഇടയില്ലെന്നതാണ് വസ്തുത.