24-കാരി ഹര്‍ഷിത ബെല്ലയെ ഭര്‍ത്താവ് പങ്കജ് ലാംബ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. ഇതിന് ശേഷമാണ് കാറിന്റെ ബൂട്ടിലിട്ട് താമസസ്ഥലത്ത് നിന്നും 100 മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ചത്. നോര്‍ത്താംപ്ടണ്‍ഷയറില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പൗരയായ ഹര്‍ഷിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈസ്റ്റ് ലണ്ടനില്‍ ഒരു വോക്‌സ്ഹാള്‍ കോഴ്‌സയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് 23-കാരന്‍ പങ്കജ് ലാംബയാണ് കൊലയാളിയെന്ന് പോലീസ് സംശയിക്കുന്നു. കൊല നടത്തിയ ശേഷം ഇയാള്‍ നാടുവിട്ട് ഇന്ത്യയിലെത്തിയെന്നാണ് കരുതുന്നത്. അതേസമയം ഹര്‍ഷിത ബ്രെല്ലയെ സംരക്ഷിക്കാന്‍ പോലീസ് ആവശ്യത്തിന് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നു.
നവംബര്‍ 10, ഞായറാഴ്ച ബ്രെല്ലയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് 100 മൈല്‍ അകലെ മൃതദേഹം ഉപേക്ഷിച്ച് കടന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടി യുവതി പോലീസിനെ സമീപിച്ചിരുന്നു. ആഗസ്റ്റിലായിരുന്നു സംഭവം. എന്നാല്‍ ആ ഘട്ടത്തില്‍ പോലീസ് ബ്രെല്ലയെ സംരക്ഷിക്കാന്‍ പാകത്തിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് സഹോദരി സോണി ദാബാസ് ആരോപിക്കുന്നത്.
പങ്കജ് ലാംബയുമായി അറേഞ്ച്ഡ് മാര്യേജ് വഴി വിവാഹം കഴിച്ച ശേഷമാണ് ഹര്‍ഷിത യുകെയിലെത്തുന്നത്. 2023 ആഗസ്റ്റിലായിരുന്നു വിവാഹം. എന്നാല്‍ ആഗസ്റ്റ് അവസാനത്തോടെ ദമ്പതികളുടെ വീട്ടില്‍ നിന്നും ഇവര്‍ ഇറങ്ങി ഓടേണ്ട അവസ്ഥയായി. ലാംബ പതിവായി ഇവരെ മര്‍ദ്ദിച്ചിരുന്നു. പോലീസ് സുരക്ഷിത താമസസ്ഥലത്തേക്ക് മാറ്റിയെങ്കിലും മറ്റ് പിന്തുണയൊന്നും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു.