രാജഭരണം അവസാനിച്ച് ജനാധിപത്യം എത്തിയെന്ന് മോഷ്ടാക്കളും തിരിച്ചറിഞ്ഞിരിക്കുന്നു. പഴയ കാലത്താണെങ്കില്‍ കൊട്ടാരത്തില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കളെ പിടികൂടി തലയറുത്ത് കെട്ടിത്തൂക്കാമായിരുന്നു. ഇതിപ്പോള്‍ ജനാധിപത്യ കാലമായതിനാല്‍ മനസ്സിലുണ്ടെങ്കിലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തായാലും മോഷ്ടാക്കള്‍ ഇത് മനസ്സിലാക്കിയതോടെ വിന്‍ഡ്‌സര്‍ കാസിലില്‍ അതിക്രമിച്ച് കടന്ന് മോഷണം നടത്തി സ്ഥലംവിടുകയാണ് ചെയ്തത്.
വിന്‍ഡ്‌സര്‍ കാസില്‍ എസ്‌റ്റേറ്റിലെ 6 അടി പൊക്കമുള്ള വേലിക്കെട്ട് കടന്നാണ് മുഖംമൂടി അണിഞ്ഞ പുരുഷന്‍മാര്‍ കൃത്യം നിര്‍വ്വഹിച്ചത്. വെയില്‍സ് രാജകുമാരനും, രാജകുമാരിയും കോട്ടേജില്‍ മക്കള്‍ക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് കവര്‍ച്ച. കവര്‍ന്ന ട്രക്കുമായി എത്തിയ മോഷ്ടാക്കള്‍ സുരക്ഷാ ഗേറ്റ് ഇടിച്ച് തകര്‍ത്തു. ഫാമിലെ വാഹനങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിച്ചാണ് ഷോ ഫാമില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി.
വില്ല്യമും, കെയ്റ്റും മക്കള്‍ക്കൊപ്പം കൊട്ടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. അഡ്‌ലെയ്ഡ് കോട്ടേജിന് സമീപത്തെ ഗേറ്റാണ് തകര്‍ത്തത്. പൊതു എന്‍ട്രന്‍സുകളില്‍ നിന്നും സായുധ ഓഫീസര്‍മാരെ വിന്‍ഡ്‌സര്‍ കാസിലിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും ഓഫീസര്‍മാര്‍ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു.
വിന്‍ഡ്‌സര്‍ കാസിലില്‍ കുറച്ച് നാള്‍ നിരീക്ഷണം നടത്തിയ ശേഷമാണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. രാജാവ് സ്‌കോട്ട്‌ലണ്ടിലും, കാമില്ല ഇന്ത്യയിലും യാത്രയിലുള്ള സമയത്താണ് സംഭവം. സാധാരണ നാട്ടുകാരുടെ വീടുകളില്‍ മോഷണം നടന്നാല്‍ പോലീസ് നിഷ്‌ക്രിയത്വം സ്വാഭാവികമാണ്. ഇപ്പോള്‍ മോഷണം നടന്നത് കൊട്ടാരത്തിലായതിനാല്‍ എന്തെങ്കിലും മാറ്റം വരുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം.