യുകെയില്‍ തണുപ്പും, മഞ്ഞിനും സാധ്യത വര്‍ദ്ധിച്ചതോടെ മെറ്റ് ഓഫീസിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍. താപനില കുത്തനെ കുറഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പാകത്തിലേക്ക് കരുത്തേകുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞും, ഐസും മൂലമുള്ള മൂന്ന് മഞ്ഞ ജാഗ്രതകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.
കാലാവസ്ഥ വളരെ മോശമാകുന്ന പ്രദേശങ്ങൡ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളും വിന്ററിന്റെ ആദ്യ രുചി അനുഭവിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.
ഇംഗ്ലണ്ടില്‍ സൗത്ത് മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങള്‍ക്കുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച വൈകുന്നേരം 6 വരെ ഇത് നീളും. ഇതോടെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകള്‍ക്ക് ഇത് ആഘാതം സൃഷ്ടിക്കുമെന്ന് എച്ച്എസ്എ വ്യക്തമാക്കുന്നു. പ്രായമായവര്‍ക്കിടയിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ഇടയില്‍ മരണങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ മഞ്ഞ ആരോഗ്യ അലേര്‍ട്ടാണ് നിലവിലുള്ളത്. മലനിരകളില്‍ ഇതിനകം മഞ്ഞ് വീണതായി മെറ്റ് ഓഫീസ് പറയുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഞ്ഞും, ഐസുമാണ് രൂപപ്പെടുകയെന്നും മുന്നറിയിപ്പുണ്ട്. ശരാശരിക്കും താഴേക്ക് താപനില താഴുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.