പിഞ്ചുകുഞ്ഞുങ്ങളെ വകവരുത്തിയെന്ന് തെളിഞ്ഞതോടെ മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി ആജീവനാന്ത ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മറുവശത്ത് വാദങ്ങള്‍ ശക്തമാണ്. ഇപ്പോള്‍ ഈ വാദങ്ങളെ തള്ളി നിലവില്‍ മനസ്സിലാക്കിയിട്ടുള്ളതില്‍ ഏറെ കുഞ്ഞുങ്ങള്‍ നഴ്‌സിന്റെ കൊലയാളി മനസ്സിന് ഇരയായിട്ടുണ്ടെന്നാണ് സീനിയര്‍ പീഡിട്രീഷ്യന്‍ പബ്ലിക് ഇന്‍ക്വയറി മുന്‍പാകെ അവകാശപ്പെട്ടിരിക്കുന്നത്.
ആദ്യത്തെ ഇരയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 2015ന് മുന്‍പ് ലൂസി തന്റെ ഇരകളെ തേടി തുടങ്ങിയിട്ടുണ്ടെന്നാണ് ഡോ. സ്റ്റീഫന്‍ ബ്രിയറി വിശ്വസിക്കുന്നത്. 2015 ജൂണിന് മുന്‍പ് കുഞ്ഞുങ്ങള്‍ അബോധാവസ്ഥയിലാകുകയും, മരണപ്പെടുകയും ചെയ്തതിന് പിന്നിലും ലെറ്റ്ബിയാണെന്നാണ് ഡോക്ടറുടെ വാദം.
എന്നാല്‍ ലൂസി ലെറ്റ്ബിയില്‍ ഒരു കൊലയാളിയുണ്ടെന്ന് സംശയിക്കുന്നതിന് മുന്‍പ് കുഞ്ഞുങ്ങളുടെ അവസ്ഥയ്ക്ക് കാരണം കൂട്ടത്തിലുള്ള ഒരു സ്റ്റാഫ് തന്നെയാണെന്ന് സംശയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'തനിക്കോ, ഒപ്പമുള്ളവര്‍ക്കോ ആ സമയത്ത് ആശങ്കയുണ്ടായിരുന്നില്ല. തിരക്കേറിയ, ബുദ്ധിമുട്ടുള്ള ഒരു ഘട്ടമെന്ന് മാത്രമാണ് കരുതിയത്', ഡോ. ബ്രിയറി പറയുന്നു.
കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റല്‍ നിയോനേറ്റല്‍ യൂണിറ്റിലെ ലീഡ് കണ്‍സള്‍ട്ടന്റാണ് ഡോ. ബ്രിയറി. 2015 ജൂണിന് മുന്‍പ് കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി അബോധാവസ്ഥയിലാകുകയും, മരണപ്പെടുകയും ചെയ്തതിന് പിന്നിലും ലൂസിയെന്നാണ് ഇപ്പോള്‍ സംശയിക്കുന്നതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.