താമസിക്കുന്ന സ്ഥലത്ത് നിന്നും 100 മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഒരു കാറിന്റെ ബൂട്ടില്‍ 24-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇല്‍ഫോര്‍ഡിലെ ബ്രിസ്‌ബെയിന്‍ റോഡില്‍ കിടന്ന വാഹനത്തിന്റെ പിന്നിലാണ് ഹര്‍ഷിത ബ്രെല്ലയുടെ മൃതശരീരം കണ്ടെത്തിയത്. ഇവര്‍ക്ക് അറിവുള്ള ആരോ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ബുധനാഴ്ചയാണ് ഹര്‍ഷിതയെ പറ്റി ആശങ്ക ഉന്നയിച്ച് നോര്‍ത്താംപ്ടണ്‍ പോലീസിന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. കോര്‍ബി സ്‌കെഗ്നെസിലുള്ള ഇവരുടെ വീട്ടില്‍ ഓഫീസര്‍ എത്തിയെങ്കിലും അകത്ത് നിന്നും അനക്കമുണ്ടായില്ല. ഇതോടെ ആളെ കാണാതായെന്ന് സ്ഥിരീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇല്‍ഫോര്‍ഡില്‍ നിന്നും മൃതദേഹം ലഭിക്കുന്നത്.
കാര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നരകയാതന തന്നെയാണ് 24-കാരിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഇന്നലെ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തന്നെയാണ് നടന്നതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കോര്‍ബിയില്‍ ഇവര്‍ ഷെയര്‍ ചെയ്ത് താമസിക്കുന്ന വീട്ടിലാണ് നിന്നിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ 12 പേര്‍ വരെ താമസിക്കുന്ന അവസ്ഥയുണ്ടായി. ബള്‍ഗേറിയ, മൊള്‍ഡോവ, പോര്‍ച്ചുഗല്‍ വംശജര്‍ ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ബഹളം കേട്ടതായി അയല്‍ക്കാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തേക്ക് എത്തിയതും ഹര്‍ഷിതയെ കാണാതായെന്ന് തിരിച്ചറിയുന്നതും.