പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി നിരക്കില്‍ കൗണ്‍സില്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയത് രാജ്യത്തെ പത്തിലൊന്ന് കുടുംബങ്ങള്‍ക്ക് 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ സമ്മാനിക്കുമെന്ന് മുന്നറിയിപ്പ്. 5 ശതമാനം ക്യാപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മാസത്തില്‍ 109 പൗണ്ട് വര്‍ദ്ധിച്ച് 2280 പൗണ്ടായി നിരക്ക് ഉയര്‍ത്തും.
2025-26 വര്‍ഷത്തില്‍ ഏകദേശം 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്‍ നല്‍കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. നിലവില്‍ 436,000 പേരാണ് ഈ നിരക്കില്‍ ബില്‍ അടയ്ക്കുന്നത്. പുതിയ നിരക്കുകള്‍ എല്ലാ കുടുംബങ്ങളുടെയും 9.6 ശതമാനം വരും. ആറ് വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും വളരെ വിഭിന്നമാണ് ഈ അവസ്ഥ. ആ ഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഒരു പ്രോപ്പര്‍ട്ടിക്ക് പോലും 4000 പൗണ്ടില്‍ കൂടുതല്‍ ബില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ 139,000 ഭവനഉടമകള്‍ക്ക് ഇന്ന് ഇതൊരു യാഥാര്‍ത്ഥ്യമാണ്. അടുത്ത ഏപ്രിലില്‍ ഈ എണ്ണം 375,000 ആയാണ് കുതിച്ചുയരുക. എക്‌സ്റ്റെന്‍ഷനും, മെച്ചപ്പെടുത്തലും നടത്തിയ വീടുകളുടെ റീവാല്യൂവേഷന്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇത് തള്ളിക്കളയാന്‍ ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് തയ്യാറായില്ല. ഇത് സംഭവിച്ചാല്‍ ഇത്തരം മാറ്റം വരുത്തിയ വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് വീണ്ടും ഉയരും.
കഴിഞ്ഞ വര്‍ഷം ഏകദേശം 10.1 മില്ല്യണ്‍ ഭവനങ്ങള്‍ക്കാണ് 2000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് നല്‍കിയത്. ഇംഗ്ലണ്ടിലെ ഏകദേശം 25.6 മില്ല്യണ്‍ ഭവനങ്ങളുടെ 39.6 ശതമാനമാണ് ഇതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് മൂലം ഏകദേശം 12.2 മില്ല്യണ്‍ വീടുകള്‍ വര്‍ഷത്തില്‍ 2000 പൗണ്ടിന് മുകളില്‍ കൗണ്‍സില്‍ ടാക്‌സ് നല്‍കുന്ന നിലയിലേക്ക് എത്തും.