യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു.
വരും ദിവസങ്ങളില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൊടുംതണുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. മഞ്ഞ് വീഴുന്നതിനൊപ്പം, താപനില താഴാനും, ഐസ് നിറഞ്ഞ സാഹചര്യങ്ങള്‍ രൂപപ്പെടാനും ഇത് ഇടയാക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
ഈ കാലാവസ്ഥാ വ്യത്യാസം സൗത്ത് ഇംഗ്ലണ്ടിലേക്കും പടരുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. നവംബറിന്റെ ആദ്യ ഭാഗത്തില്‍ അനുഭവപ്പെട്ട മെച്ചപ്പെട്ട കാലാവസ്ഥയാണ് ഇതോടെ അവസാനിക്കുന്നത്.
റോഡുകളില്‍ ഐസ് പാച്ചുകള്‍ നേരിടേണ്ടി വരുമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തണുപ്പ് തുടരുന്നതോടെ പവര്‍കട്ടിനും, ബസ്-ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടാനും സാധ്യത രൂപപ്പെടും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നിലവിലുള്ള മഞ്ഞ്, ഐസിനുള്ള മഞ്ഞ ജാഗ്രത തിങ്കളാഴ്ച രാവിലെ 11 വരെ തുടരും. രാവിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞിനാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെയാണ് മഞ്ഞുവീഴുക.
തിങ്കളാഴ്ച പുലര്‍ച്ചെ വരെ പൂജ്യത്തിന് താഴേക്കാണ് താപനില പോകുകയെന്നതിനാല്‍ പകല്‍ സ്ഥിതി ബുദ്ധിമുട്ടേറിയതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടും, സ്‌കോട്ട്‌ലണ്ടും ഇതിന്റെ ബുദ്ധിമുട്ട് അറിയും.