ആശുപത്രി എ&ഇ വാര്‍ഡുകളിലെ സുദീര്‍ഘമായ കാത്തിരിപ്പുകളുടെ നീളമേറുന്നതായി പുതിയ കണക്കുകള്‍. വിന്ററില്‍ സമ്മര്‍ദം വര്‍ദ്ധിക്കുമ്പോള്‍ ബുദ്ധിമുട്ട് കനക്കുമെന്ന എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പുകള്‍ക്കിടെയാണ് ഈ കണക്ക്. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകള്‍ ലക്ഷ്യമിടുന്ന സേവനത്തിന് അടുത്ത് പോലും കാര്യങ്ങള്‍ എത്തുന്നില്ലെന്നും, ആംബുലന്‍സുകളുടെ പ്രതികരണ സമയവും പ്രതിസന്ധിയായി തുടരുന്നുവെന്നും കണക്കുകള്‍ വിളിച്ചുപറയുന്നു.
ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ 38,880 പേരാണ് ഈ വിധം കാത്തിരുന്നതെങ്കില്‍ ഒക്ടോബറില്‍ ഇത് 49,592 ആയാണ് ഉയര്‍ന്നത്. 2010 മുതല്‍ ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ച ശേഷം മൂന്നാമത്തെ ഉയര്‍ന്ന പ്രതിമാസ കണക്കാണിത്.
നാല് മണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം അഡ്മിഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഒക്ടോബറില്‍ 148,789 പേരിലേക്കാണ് ഉയര്‍ന്നത്. സെപ്റ്റംബറിലെ 130,632 പേരില്‍ നിന്നുമാണ് ഈ വളര്‍ച്ച. ഏകദേശം 73 ശതമാനം രോഗികളെയും കഴിഞ്ഞ മാസം എ&ഇകളില്‍ നാല് മണിക്കൂറിനകം കണ്ടിട്ടുണ്ട്. സെപ്റ്റംബറിലെ 74.2 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.
ഇടനാഴി പരിചരണം ദുരന്തത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് അനാവരം ചെയ്യപ്പെടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഇംഗ്ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പട്രീഷ്യാ മാര്‍ക്വിസ് വ്യക്തമാക്കി. റെക്കോര്‍ഡ് തോതിലാണ് രോഗികള്‍ ട്രോളികളില്‍ കാത്തുകിടക്കുന്നത്. കമ്മ്യൂണിറ്റി കെയറിന്റെ അപര്യാപ്തത മൂലം ആയിരക്കണക്കിന് രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും കഴിയുന്നില്ല. തണുപ്പ് കാലാവസ്ഥ വരുന്നതേയുള്ളൂ, അത് കൂടി എത്തിയാല്‍ സ്ഥിതി വഷളാകും, അവര്‍ മുന്നറിയിപ്പ് നല്‍കി.