ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മദ്യവും, മാംസവും വിളമ്പിയ സംഭവത്തില്‍ ബ്രിട്ടീഷ് ഹൈന്ദവ വിശ്വാസികളോട് മാപ്പപേക്ഷ. സംഭവം വിവാദമായതോടെയാണ് പരിപാടി സംഘടിപ്പിച്ചതില്‍ അബദ്ധം പിണഞ്ഞതായും, ഇത് ആവര്‍ത്തിക്കില്ലെന്നും നം. 10 വ്യക്തമാക്കിയത്.
ഹിന്ദു വിശ്വാസപ്രകാരം മദ്യത്തിനും, മാംസത്തിനും വിലക്കുകള്‍ ഇല്ലെങ്കിലും പലരും മദ്യപിക്കാന്‍ തയ്യാറാകാത്തതും, വെജിറ്റേറിയന്‍ ശീലമാക്കിയവരുമാണ്. പ്രത്യേകിച്ച് ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഇതിന് വിപരീതമായി കീര്‍ സ്റ്റാര്‍മറുടെ ഓഫീസ് ദീപാവലി ആഘോഷം സംഘടിപ്പിച്ചതില്‍ ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ശിവാനി രാജ ഉള്‍പ്പെടെയുള്ള ആശങ്ക രേഖപ്പെടുത്തി. അറിവില്ലായ്മയില്‍ നിരാശയുണ്ടെന്നാണ് ഇവര്‍ പ്രതികരിച്ചത്.
'ഡൗണിംഗ് സ്ട്രീറ്റിലേക്ക് ദീപാവലി ആഘോഷിക്കുന്ന സമൂഹങ്ങളെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രിക്ക് സന്തോഷമുണ്ട്. ബ്രിട്ടീഷ് ഹിന്ദു, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ആദരവ് അര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഒരു വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ ഉയര്‍ന്ന ആശങ്ക മനസ്സിലാക്കുന്നു. ഇതില്‍ ഖേദം അറിയിക്കുകയും, ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയുമാണ്', നം. 10 വക്താവ് വിശദീകരിച്ചു.
2009 മുതലാണ് ഡൗണിംഗ് സ്ട്രീറ്റും ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് തുടങ്ങിയത്. ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി ഋഷി സുനാക് എത്തിയതോടെ ആഘോഷങ്ങള്‍ കുറച്ചുകൂടി പ്രാധാന്യം കൈവരിച്ചു.