ഈ സീസണിലെ ആദ്യത്തെ സുപ്രധാന ആര്‍ട്ടിക് ബ്ലാസ്റ്റ് വീശിയടിക്കുന്നതോടെ അടുത്ത ആഴ്ച ബ്രിട്ടനില്‍ ആദ്യമായി താപനില പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തും. ആലിപ്പഴ വര്‍ഷവും, മഞ്ഞും ശക്തമാകുന്നതിനൊപ്പം മഴയും, ശക്തമായ കാറ്റും അകമ്പടി സേവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷത്തിലെ ഈ സമയത്ത് ശരാശരി രേഖപ്പെടുത്തുന്ന താപനിലയ്ക്കും ഏറെ താഴെയാകും ചില മേഖലകളില്‍ തണുപ്പ്. ലണ്ടനില്‍ പകല്‍സമയങ്ങളില്‍ പരമാവധി 6 സെല്‍ഷ്യസ് വരെയാകും താപനില. എന്നാല്‍ രാത്രികളില്‍ -1 സെല്‍ഷ്യസിന് താഴേക്ക് വരെ പോകാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
മഞ്ഞിനും, ഐസിനുമുള്ള രണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ തിങ്കളാഴ്ച രാവിലെ 11 വരെയാണ് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിനായി ആദ്യ മുന്നറിയിപ്പ്. രണ്ടാമത്തേത് സതേണ്‍ സ്‌കോട്ട്‌ലണ്ടിനും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനും തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെയാണ്.
അടുത്ത ആഴ്ച സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില പൂജ്യത്തിന് താഴേക്ക് പതിക്കും. അടുത്ത വ്യാഴാഴ്ചയോടെ ഹൈലാന്‍ഡ്‌സില്‍ -17 സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നത് സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. യുകെയുടെ ചില ഭാഗങ്ങളില്‍ മഴയും, ആലിപ്പഴ വര്‍ഷവും, മഞ്ഞും ഒരുമിച്ചെത്തുന്ന കാലാവസ്ഥയാണ് വരും ദിവസങ്ങളില്‍ ബ്രിട്ടനില്‍ നേരിടേണ്ടി വരികയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.
വീക്കെന്‍ഡില്‍ കാലാവസ്ഥ മാറിമറിയുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. ശൈത്യകാല തണുപ്പ് നേരത്തെ എത്തുന്നത് അടുത്ത ആഴ്ചയില്‍ തടസ്സങ്ങളിലേക്ക് നയിക്കും. ഞായറാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെ മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് ഇംഗ്ലണ്ടിനുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.