അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തേരോട്ടം യഥാര്‍ത്ഥത്തില്‍ എതിരാളികള്‍ക്ക് ചങ്കിടിപ്പാണ് സമ്മാനിക്കുന്നത്. യുകെയില്‍ ലേബര്‍ ഗവണ്‍മെന്റിനും ആ ചങ്കിടിപ്പുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല, ട്രംപിന്റെ എതിരാളിയായ കമലാ ഹാരിസിനായി പ്രചരണത്തിന് ലേബര്‍ നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. ഇത് മനസ്സില്‍ വെച്ച് നിയുക്ത പ്രസിഡന്റ് ട്രംപ് പണികൊടുക്കുമെന്നാണ് ആശങ്ക.
ഇതിന്റെ ഭാഗമായി നിഗല്‍ ഫരാഗിനെ നം.10-ല്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ട്രംപിന്റെ വൈറ്റ് ഹൗസ് ടീം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ സ്ഥാനാവരോഹണത്തില്‍ സ്റ്റാര്‍മറെ പിന്നില്‍ നിര്‍ത്താനും ആലോചന നടക്കുന്നുണ്ട്. യുഎസിലേക്കുള്ള ബ്രിട്ടീഷ് അംബാസിഡറായി ലോര്‍ഡ് മണ്ഡേല്‍സണെ നിയോഗിക്കാനുള്ള തീരുമാനം യുഎസിലെ പുതിയ ഭരണകൂടം തള്ളിയാല്‍ അത് കൂടുതല്‍ നാണക്കേടാണ് സമ്മാനിക്കുക.
മറ്റൊരു യുകെ ട്രിപ്പിന് ട്രംപ് താല്‍പര്യപ്പെടുന്നുണ്ടെങ്കിലും ഇത് രാജകുടുംബത്തിന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചുള്ള സ്റ്റേറ്റ് വിസിറ്റാക്കി മാറ്റാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. ഇതുവഴി ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഒഴിവാക്കി നിര്‍ത്താമെന്നും ട്രംപ് കരുതുന്നു. സര്‍വ്വെകളില്‍ ലേബറിന് തൊട്ടരികിലുള്ള ഫരാഗിന്റെ റിഫോം പാര്‍ട്ടിയെ സംബന്ധിച്ച് ട്രംപിന്റെ വരവ് സന്തോഷം നല്‍കുന്നു.
ട്രംപ് ടീമുമായി അടുത്ത ബന്ധമാണുള്ളതെന്ന് റിഫോം യുകെ ശ്രോതസ്സുകള്‍ പറയുന്നു. കൂടാതെ ലേബര്‍ പാര്‍ട്ടി ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആളെ അയച്ചതൊന്നും മറക്കാനും പോകുന്നില്ലെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ട്രംപിന്റെ സഹായികള്‍ ലണ്ടനിലെത്തി റിഫോം യുകെ അംഗങ്ങളെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.