എല്ലുകള്‍ മരവിപ്പിക്കുന്ന ആര്‍ട്ടിക് ബ്ലാസ്റ്റ് ഈയാഴ്ച ബ്രിട്ടനില്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞും, ഐസും ശക്തമായ തോതില്‍ എത്തിച്ചേരും. താപനില പൂജ്യത്തിന് താഴേക്ക് പോയതോടെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞുമൂടിയ നിലയാണ്. ബുധനാഴ്ചയിലെ തണുത്ത കാലാവസ്ഥ വ്യാഴാഴ്ചയും തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം വീക്കെന്‍ഡിലേക്ക് നീങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞും, ഐസും കൂടുതലായി വന്നുചേരുന്നതോടെ വീക്കെന്‍ഡ് കൊടുംതണുപ്പില്‍ മുങ്ങുന്ന നിലയാണ്. കാലാവസ്ഥ മോശമാകുന്നതിനാല്‍ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്നും, പവര്‍ കട്ടിന് സാധ്യത വര്‍ദ്ധിക്കുന്നതായും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും മഞ്ഞിനും, ആലിപ്പഴ വര്‍ഷത്തിനുമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് മെയിന്‍ലാന്‍ഡില്‍ 5 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ചില ഭാഗങ്ങളില്‍ ഇത് 10 സെന്റിമീറ്റര്‍ വരെ ഉയരും. ഉയര്‍ന്ന പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ മഞ്ഞും വീഴുമെന്ന് മെറ്റ് പറയുന്നു.
വ്യാഴാഴ്ച രാവിലെ വരെയാണ് ഐസിനുള്ള മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ട്, ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ഈ ജാഗ്രത നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 3 വരെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ക്ക് മഞ്ഞിനുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.