ലൈംഗിക ചൂഷണ കേസുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര വീഴ്ചകള്‍ മുന്‍നിര്‍ത്തി യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ രാജിവെയ്ക്കണമെന്ന് ആവശ്യം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മേധാവിയായി താല്‍ക്കാലിക ചാര്‍ജ്ജ് ഏറ്റെടുക്കാന്‍ ഇരിക്കവെയാണ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പിന് എതിരെയും ആരോപണം ശക്തമാകുന്നത്.
ചെംസ്‌ഫോര്‍ഡ് ബിഷപ്പ് ആയിരിക്കവെ കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് ഇരിക്കാന്‍ ചര്‍ച്ച് വിലക്കിയ പുരോഹിതന്‍ ഡേവിഡ് ട്യൂഡര്‍ക്ക് പദവിയില്‍ തുടരാന്‍ അനുമതി നല്‍കിയതാണ് ഇപ്പോള്‍ ആളിക്കത്തുന്നത്. ലൈംഗിക ചൂഷണ ഇരയ്ക്ക് നഷ്ടപരിഹാരം കൊടുത്ത പശ്ചാത്തലമുള്ള പുരോഹിതനെയാണ് ആര്‍ച്ച്ബിഷപ്പ് സംരക്ഷിച്ചത്.
എന്നാല്‍ ആ ഘട്ടത്തില്‍ പുരോഹിതനെ പുറത്താക്കാനുള്ള നിയമപരമായ അധികാരം ഉണ്ടായിരുന്നില്ലെന്നാണ് കോട്രെലിന്റെ വക്താവ് പ്രതികരിക്കുന്നത്. രണ്ട് മാസം മുന്‍പ് ട്യൂഡറിനെ അതിരൂപത വിലക്കിയിരുന്നു. രണ്ട് പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ചരിത്രപരമായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പുരോഹിതന്‍ കുറ്റം സമ്മതിച്ചതോടെയാണ് ഇത്.
അതേസമയം വിഷയത്തില്‍ കോട്രെലിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമായിരുന്നുവെന്നാണ് ആരോപണം. ഈ വിഷയം മുന്‍നിര്‍ത്തി ആര്‍ച്ച്ബിഷപ്പ് രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പ് റിട്ട്. റവ. ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി ആവശ്യപ്പെട്ടു.
ഈ കേസില്‍ നടപടിയെടുത്തില്ലെന്നത് ആര്‍ബിഷപ്പിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നുെവന്ന് അവര്‍ ബിബിസിയോട് പറഞ്ഞു. ഇത്തരമൊരാള്‍ക്ക് എങ്ങനെയാണ് സ്ഥാപനത്തെ നയിക്കാന്‍ കഴിയുക?, ബിഷപ്പ് ചോദിക്കുന്നു. ട്യൂഡര്‍ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്ക് 10,000 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ വിഷയം അറിഞ്ഞിട്ടും പുരോഹിതനെ പുറത്തിരുത്താന്‍ കോട്രെല്‍ തയ്യാറായില്ല.
ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിന്റെ ലൈംഗിക പീഡന പരമ്പര ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മറച്ചുവെച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഈ സംഭവത്തില്‍ ചര്‍ച്ചിലെ ഉന്നതനായിരുന്ന കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ച്ച്ബിഷപ്പ് കോട്രെലിന്റെ രാജിക്കായി മുറവിളി ഉയരുന്നത്.