4 ബില്ല്യണ്‍ പൗണ്ട് വരെ കൈക്കൂലി കൈപ്പറ്റിയതായി ആരോപണം നേരിടുന്ന ലേബര്‍ മന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും എതിരെ അന്വേഷണം. ബ്രിട്ടന്റെ ധനകാര്യ മേഖലയില്‍ നിന്നും അഴിമതി പുറംതള്ളാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സിറ്റി മന്ത്രി തുലിപ് സിദ്ദീഖാണ് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന ആണവ പ്ലാന്റുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്.
ആ രാജ്യത്തെ ആന്റി കറപ്ഷന്‍ കമ്മീഷനാണ് സിദ്ദീഖിനും, യുകെയിലുള്ള ഇവരുടെ അമ്മ ഷെയ്ഖ് രഹനാ സിദ്ദീഖ്, ആന്റിയും, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനാ വാസെദ് എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ സേനയും, പൗരന്‍മാരും തമ്മില്‍ പോരാട്ടങ്ങള്‍ നടന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഹസീന, രഹനയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 10 ബില്ല്യണ്‍ പൗണ്ടിന്റെ ആണവ കരാറിനായി തുലിപ് സിദ്ദീഖ് ഇടനില നിന്നതായാണ് ആരോപണം. റഷ്യയുടെ പിന്തുണയുടെ റോസാറ്റോമാണ് പവര്‍പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2013-ല്‍ ഹസീനയും, വ്‌ളാദിമര്‍ പുടിനും തമ്മിലാണ് കരാറില്‍ ഒപ്പുവെയ്ക്കുന്നത്.
അതേസമയം സിദ്ദീഖ് കുടുംബത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കും എതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഒരു അമേരിക്കന്‍ വെബ്‌സൈറ്റാണ് ഈ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും, ഇതിന് പിന്നില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നുമാണ് മന്ത്രിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. ആരോപണങ്ങളും, കേസും 100% കെട്ടിച്ചമച്ചതാണെന്ന് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി യുകെ ജനറല്‍ സെക്രട്ടറി സയെദ് ഫാറൂഖ് പറയുന്നു.