മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന് കുപ്പിയില്‍ എഴുതി വെച്ചാലും ഇത് ഒഴിവാക്കാന്‍ അത് കുടിക്കുന്നവര്‍ തയ്യാറല്ല. മദ്യപാനവുമായി ബന്ധപ്പെട്ട് ആളുകള്‍ മരിക്കുന്നതായി കേട്ടാലും അത് വിശ്വസിക്കാന്‍ പോലും മദ്യപിക്കുന്നവര്‍ തയ്യാറാകില്ല. ഈ ഘട്ടത്തിലാണ് ജീവന്‍രക്ഷിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറിയോട് മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ദ്ധിച്ചതായും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരണങ്ങളില്‍ 42 ശതമാനം വര്‍ദ്ധനവ് നേരിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ 8274 പേരാണ് മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എന്നാല്‍ ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് പറയുന്നു.
മെഡിക്കല്‍ റോയല്‍ കോളേജുകള്‍, ചാരിറ്റികള്‍, ട്രീറ്റ്‌മെന്റ് സേവനദാതാക്കള്‍, അക്കാഡമിക്കുകള്‍ എന്നിവര്‍ ചേര്‍ന്നതാണ് എഎച്ച്എ. മദ്യം മരണത്തിലേക്ക് സംഭാവന ചെയ്ത യഥാര്‍ത്ഥ കണക്കുകളെ അപേക്ഷിച്ച് കേവലം ഒരു ഭാഗം മാത്രമാണ് ഔദ്യോഗിക കണക്കുകളെന്നാണ് ഇവര്‍ കരുതുന്നത്.
2019 മുതല്‍ മദ്യം മരണകാരണമായി മാറിയ കേസുകളില്‍ 42 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ തിരുത്താന്‍ നടപടി ആവശ്യമാണെന്ന് എഎച്ച്എ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഇംഗ്ലണ്ടിലെ മെഡിക്കല്‍ വിദഗ്ധര്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് കത്തയച്ചു. സ്‌കോട്ട്‌ലണ്ടിലേതിന് സമാനമായി ഇംഗ്ലണ്ടിലും മിനിമം യൂണിറ്റ് പ്രൈസിംഗ് നടപ്പാക്കണമെന്നാംണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.
മദ്യപാനവുമായി ബന്ധപ്പെട്ട് വിഭിന്നമായ നിലപാടാണ് പലപ്പോഴും മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഉന്നയിക്കാറുള്ളത്. എന്നിരുന്നാലും മദ്യത്തിന് സുരക്ഷിതമായ അളവ് പോലും അത്ര സുരക്ഷിതമല്ലെന്നാണ് ഒരു ഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.