വെള്ളത്തിന്റെ ബില്ലുകള്‍ക്കും തീപിടിപ്പിച്ച് നിരക്ക് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്‌വാട്ട്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി 36% ബില്‍ വര്‍ദ്ധനവാണ് ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ജനങ്ങള്‍ ചുമക്കേണ്ടി വരിക. ഈ വര്‍ദ്ധന പ്രതിവര്‍ഷം ശരാശരി 31 പൗണ്ട് കൂട്ടിച്ചേര്‍ക്കാനാണ് സഹായിക്കുക.
ശരാശരി 40% വര്‍ദ്ധന അംഗീകരിക്കണമെന്നാണ് വാട്ടര്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. ഹാംപ്ഷയറില്‍ 60,000 വീടുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജലവിതരണം തടസ്സപ്പെട്ട് നില്‍ക്കുമ്പോഴാണ് നിരക്ക് വര്‍ദ്ധനയ്ക്ക് പച്ചക്കൊടി വീശുന്നത്. സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധന നേരിടേണ്ടത്. 53 ശതമാനമാണ് ബില്‍ ഉയരുക.
വെസെക്‌സ് വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഉള്ളതില്‍ കുറവ് നിരക്ക് വര്‍ദ്ധന, 21%. 16 മില്ല്യണ്‍ ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി തെയിംസ് വാട്ടറിന്റെ ബില്ലുകള്‍ 35 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. 2030 ആകുന്നതോടെ ശരാശരി വാര്‍ഷിക ബില്ലുകള്‍ 588 പൗണ്ടാകും.
ഡിവര്‍ സിമ്രു ഉപഭോക്താക്കള്‍ ഓരോ വര്‍ഷവും നല്‍കേണ്ട തുക ശരാശരി 654 പൗണ്ടായിരിക്കും. ഉയര്‍ന്ന കടമെടുപ്പ് ചെലവും, ഇന്‍ഫ്രാസ്ട്രക്ചറിലെ തകര്‍ച്ചയും, മലിനജലം റെക്കോര്‍ഡ് തോതില്‍ ഒഴുക്കുന്നതും ചേര്‍ന്ന് വാട്ടര്‍ കമ്പനികള്‍ സാരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബില്‍ ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നത്.
വാട്ടര്‍ കമ്പനികളുടെ നിക്ഷേപ പദ്ധതികളും ഓഫ്‌വാട്ട് അംഗീകരിച്ചു. ഈ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ടിംഗും ബില്‍ വര്‍ദ്ധിക്കാന്‍ ഒരു കാരണമാണ്. എന്നാല്‍ ഉയര്‍ന്ന ബില്ലുകള്‍ കൊണ്ടും ചില കമ്പനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നതാണ് വസ്തുത.