പരസ്ത്രീ ബന്ധം വെളിപ്പെടുത്തി ഭര്‍ത്താവ് വീടുവിട്ട് ഇറങ്ങിയതോടെ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് അമ്മ. രണ്ട് മക്കള്‍ക്കും, തനിക്കുമായി ശക്തിയേറിയ പെയിന്‍കില്ലറുകളും, വിഷാദത്തിനും, ഉറക്കിനുമുള്ള ഗുളികകളും ചേര്‍ത്ത് നല്‍കിയാണ് കുടുംബം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കോടതിയില്‍ വ്യക്തമായി.
എന്നാല്‍ 39-കാരി ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുന്‍പ് സഹോദരന് ശബ്ദസന്ദേശം അയച്ചിരുന്നു. ഇത് ശ്രദ്ധിച്ച സഹോദരന്‍ പോലീസിനെ വിവരം അറിയിച്ചു. ഇതോടെയാണ് ഈസ്റ്റ് സസെക്‌സ് ഉക്ക്ഫീല്‍ഡിലെ വീട്ടിലേക്ക് പോലീസും, പാരാമെഡിക്കുകളും, ഫയര്‍ സര്‍വ്വീസും കുതിച്ചെത്തിയത്.
10 വയസ്സുള്ള ആണ്‍കുട്ടി ശര്‍ദ്ദില്‍ നിറഞ്ഞ ബെഡില്‍ അബോധാവസ്ഥയില്‍ കണ്ണ് തുറന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 13 വയസ്സുള്ള സഹോദരി അബോധാവസ്ഥയില്‍ ചുറ്റിത്തിരിയുകയായിരുന്നു. അമ്മയ്ക്കും ബോധം നഷ്ടപ്പെട്ടിരുന്നില്ല. മൂവരെയും പാരാമെഡിക്കുകള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.
39-കാരിയായ സ്ത്രീക്കെതിരെ ഇപ്പോള്‍ വധശ്രമ കേസില്‍ വിചാരണ നടക്കുകയാണ്. തനിക്ക് അവിഹിതബന്ധമുണ്ടെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയതോടെ ഇവര്‍ വിഷാദത്തിലേക്ക് പോയിരുന്നതായി ലൂവ്‌സ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി. ഈ വര്‍ഷം ആദ്യം വീടുവിട്ടിറങ്ങിയ ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം താമസിക്കാനായി രാജ്യം വിടുകയും ചെയ്തു.
വിവാഹബന്ധം തകര്‍ന്നതോടെ വിഷാദത്തിലായ സ്ത്രീ ഫെബ്രുവരി 7-നാണ് മരിക്കാനുള്ള തീരുമാനം നടപ്പാക്കാനായി മരുന്നുകള്‍ വാങ്ങിയത്. കുട്ടികളോട് തന്റെ ഉദ്ദേശത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു. വിദേശത്തുള്ള സഹോദരന് ഇതേക്കുറിച്ച് അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.