ബ്രിട്ടനിലേക്ക് കുടിയേറ്റക്കാര്‍ നിയമപരമായി എത്തുന്ന വഴികള്‍ അടയ്ക്കാനാണ് നിലവില്‍ ഗവണ്‍മെന്റ് നീക്കം. ഇതിനായി ബ്രിട്ടീഷുകാരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളായി മാറ്റുന്നതാണ് പ്രധാന പദ്ധതി. നാട്ടുകാരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്വപ്‌നം കാണുന്നത്.
എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് ഉപദേശകരുടെ പക്ഷം.
ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ വരവ് തടയാന്‍ 'ഒറ്റ പദ്ധതി' കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. യുകെയില്‍ പ്രവേശിക്കുകയും, മടങ്ങുകയും ചെയ്യുന്നവരുടെ എണ്ണത്തിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ 2023 ജൂണ്‍ വരെ 12 മാസങ്ങളില്‍ 906,000 തൊട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുനഃപ്പരിശോധിച്ചതോടെയാണ് 166,000 പേര്‍ കൂടി അധികമുണ്ടെന്ന് തിരിച്ചറിയുന്നത്.
അതേസമയം 2024 ജൂണ്‍ എത്തുമ്പോള്‍ നെറ്റ് മൈഗ്രേഷന്‍ 20% കുറഞ്ഞ് 728,000 എത്തുകയും ചെയ്തു. യുകെ സമ്പദ് വ്യവസ്ഥ പരിധികളില്ലാതെ ഇമിഗ്രേഷനെ ആശ്രയിക്കുന്നതാണ് പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചു. കൂടാതെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ ജോലിക്കാരെ നിയോഗിക്കുന്ന കമ്പനികള്‍ ബ്രിട്ടീഷുകാരെ പരിശീലിപ്പിക്കണമെന്ന നിബന്ധനയും, വിസ സിസ്റ്റം ചൂഷണം ചെയ്യുന്നതിനെതിരെ നടപടിയും വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.