ഒരു ചാന്‍സലറുടെ ഉത്തരവാദിത്വമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുകയെന്നുള്ളത്. ഖജനാവ് നിറയ്ക്കുന്നത് പോലെ സുപ്രധാനമായ ഈ കാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല ഭാവിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും. നിലവില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഈ ദുരന്തങ്ങളെ ക്ഷണിച്ച് വരുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
റീവ്‌സ് അവതരിപ്പിച്ച ബിസിനസ്സ് വിരുദ്ധ ബജറ്റിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സഡന്‍ബ്രേക്കിട്ട് നില്‍ക്കുകയാണ് ചെയ്തതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ചാന്‍സലര്‍ രാജ്യത്തിന്റെ വളര്‍ച്ചയെ കൊല്ലുകയാണെന്ന് കുറ്റപ്പെടുത്തല്‍ വര്‍ദ്ധിച്ചത്.
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് മുന്‍പ് ജി7 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരുന്നു ബ്രിട്ടന്റേത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് 'ഗ്യാംഗ്ബസ്റ്റേഴ്‌സ്' എന്ന് വിശേഷിപ്പിച്ച സാമ്പത്തിക സ്ഥിതിയാണ് ഇപ്പോള്‍ സ്തംഭനാവസ്ഥയില്‍ എത്തിയത്. പുതിയ പ്രവചനങ്ങള്‍ പ്രകാരം യുകെയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ പൂജ്യമായാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് ഇത് 0.3 ശതമാനത്തിലായിരുന്നു.
ചാന്‍സലറുടെ 25 ബില്ല്യണ്‍ പൗണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ബിസിനസ്സുകളെ തകര്‍ക്കുന്നതിന് പുതിയ തെളിവാണ് ഈ പ്രവചനം. സമ്പദ് വ്യവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ലേബര്‍ ഇതിനെ തകര്‍ക്കുകയാണെന്നാണ് ആരോപണം. ഓരോ ബിസിനസ്സ് ഗ്രൂപ്പും, പ്രവചനക്കാരും നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വളര്‍ച്ചാ നിരക്ക് താഴ്ത്തിയതെന്ന് ഷാഡോ ബിസിനസ്സ് സെക്രട്ടറി ആന്‍ഡ്രൂ ഗ്രിഫിത്ത് പറഞ്ഞു.
എന്നാല്‍ സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കുന്നത് വരെ പൊതുജനം ക്ഷമയോടെ കാത്തിരിക്കണമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബജറ്റിന്റെയും, ഗവണ്‍മെന്റ് സ്വീകരിച്ച മറ്റ് നടപടികളുടെയും ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടാന്‍ കുറച്ച് സമയം വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.