ഇക്കിളും, തൊണ്ടവേദനയും, ചുമയും പോലുള്ള ചെറിയ പ്രശ്‌നങ്ങളുമായി ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. എന്‍എച്ച്എസ് പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിടുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് സീനിയര്‍ ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പില്‍ പറഞ്ഞു.
കൂടാതെ അടിയന്തരമല്ലാത്ത പുറംവേദന, ഇന്‍സോമ്‌നിയ, ചെവി വേദന പോലുള്ള പ്രശ്‌നങ്ങളുമായും ആളുകള്‍ വര്‍ദ്ധിച്ച തോതില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് എത്തുന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. ഇപ്പോള്‍ തന്നെ തിരക്കേറിയ ആശുപത്രികളില്‍ ഇത്തരം രോഗികള്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയാണ്. ഇവരുടെ വരവ് മൂലം അടിയന്തര പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് പര്യാപ്തമായ സേവനം നല്‍കുന്നതിലാണ് വീഴ്ച നേരിടുന്നത്.
2023-24 വര്‍ഷത്തില്‍ ചെവി വേദനയുമായി എ&ഇയില്‍ എത്തിയത് 257,915 പേരാണെന്ന് ഡാറ്റ പരിശോധിച്ച പിഎ മീഡിയ ന്യൂസ് ഏജന്‍സി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ നിരക്കില്‍ നിന്നും 10% വര്‍ദ്ധന. പുറംവേദനയ്ക്ക് ചികിത്സ തേടിയവരുടെ എണ്ണത്തില്‍ 13% വര്‍ദ്ധനവാണ് ഉണ്ടായത്. ഇതേ കാലയളവില്‍ തലവേദനയുമായി ബന്ധപ്പെട്ട് എത്തിയവരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവും, ചുമയുടെ പേരില്‍ പരാതിപ്പെട്ടവരില്‍ 15% വര്‍ദ്ധനവുമാണ് നേരിട്ടത്.
ഇക്കിള്‍ ബാധിച്ചെന്ന പേരില്‍ എത്തിയവരുടെ എണ്ണം 18 ശതമാനവും വര്‍ദ്ധിച്ചു. ഇത് പ്രകാരം അഞ്ചില്‍ രണ്ട് എ&ഇ സന്ദര്‍ശനങ്ങളും ഒഴിവാക്കാവുന്നതോ, മറ്റിടങ്ങളില്‍ ചികിത്സിക്കാവുന്നതോ ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ രേഖപ്പെടുത്തുന്നു. പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിടുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കായി എ&ഇ ചികിത്സ തേടുന്നതില്‍ അതിശയമില്ലെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. അഡ്രിയാന്‍ ബോയല്‍ പറഞ്ഞു.